പേരാമ്പ്ര: പെരുവണ്ണാമൂഴി വട്ടക്കയത്തെ കർഷകൻ മഠത്തിനകത്ത് ജോൺസന്റെ പുരയിടത്തിൽ വനം വകുപ്പ് സ്ഥാപിച്ച കെണിക്കൂട്ടിൽ ഇതിനോടകം ഏഴ് കാട്ടുകുരങ്ങുകൾ പെട്ടു.
കൂട് തുറക്കുന്നതിനിടയിൽ ഒരെണ്ണം ചാടി രക്ഷപെട്ടിരുന്നു. ബാക്കി ആറെണ്ണത്തിനെയും വനപാലകർ മറ്റൊരു കൂട്ടിലാക്കി ജീപ്പിൽ കയറ്റി കൊണ്ടുപോയി.
കൃഷി നശിപ്പിക്കാനെത്തുന്ന കൂട്ടങ്ങളിൽ പെട്ട കുരങ്ങൻമാരാണു കെണിയിൽ പെടുന്നത്. ഓരോ കുരങ്ങനും കൂട്ടിലകപ്പെടുമ്പോൾ ഒരാൾ കടുത്ത വിഷമത്തിലായിരുന്നു.
അത് ജോൺസന്റെ വളർത്തു നായയാണ്. അകപ്പെട്ട കുരങ്ങനെ കാണുമ്പോൾ കൂടിനു ചുറ്റും അത് ഓടി നടക്കും.
ദേഷ്യം കൊണ്ടാണെന്നായിരുന്നു ആദ്യം കരുതിയത്. പക്ഷേ, ഇന്നലെ സംഗതി പിടികിട്ടി. തടവിലാക്കി കൊണ്ടുപോകുന്നതിലെ സങ്കടമായിരുന്നത്.
മിനിഞ്ഞാന്നു വീണ കുരങ്ങനെ ഇന്നലെ രാവിലെ കൊണ്ടുപോയി. അര മണിക്കൂറിനുള്ളിൽ ഏഴാമൻ കൂട്ടിലകപ്പെട്ടു. ഇതോടെ നായയുടെ മട്ടുമാറി.
കൂട്ടിനു ചുറ്റും നടന്നു കരഞ്ഞു ശബ്ദമുണ്ടാക്കി. രക്ഷപെടാനുള്ള കുരങ്ങന്റെ പരാക്രമം കണ്ട് കൂട്ടിൽ മുഖം ചേർത്ത് ആശ്വസിപ്പിക്കാൻ നായ ശ്രമവും നടത്തുന്നുണ്ടായിരുന്നു.
ഈ കുരങ്ങനെയും കൊണ്ടു പോകാൻ കൂടുമായി വനപാലകരെത്തിയപ്പോൾ കരഞ്ഞും ഓടിനടന്നും തടസം സൃഷ്ടിക്കാൻ ശ്രമിച്ചു.
കൂട്ടിലാക്കി കൊണ്ടു പോകുമ്പോൾ വഴിയിൽ തടസമുണ്ടാക്കാനൊക്കെ കരഞ്ഞു കൊണ്ടു നായ ശ്രമിച്ചു. കുരങ്ങനെ ജീപ്പിൽ കയറ്റുമ്പോൾ തൊട്ടടുത്ത് താഴെ വിരഹവേദനയോടെ അത് നോക്കി നിൽപ്പുണ്ടായിരുന്നു.