പത്തനംതിട്ട: പേ വിഷബാധ ഏറ്റിട്ടുണ്ടെന്നു സംശയിക്കുന്ന തെരുവുനായ മണിക്കൂറുകളോളം നാട്ടുകാരെ പരിഭ്രാന്തിയിലാക്കി.
ഇന്നലെ രാവിലെ എട്ടോടെ ഓമല്ലൂർ കുരിശുംമൂടിനു സമീപം തറയിൽ ശ്രീകാന്ത് തന്റെ കാർ ഷെഡിൽനിന്നു പുറത്തേക്ക് എടുക്കാൻ ശ്രമിക്കുമ്പോഴാണ് ഒരു നായ അതിന്റെ അടിയിൽ കിടക്കുന്നതായി ശ്രദ്ധയിൽപെട്ടത്.
കാണുമ്പോൾ നായ ശാന്തനായിരുന്നുവെങ്കിലും അല്പം കഴിഞ്ഞ് ഇത് അക്രമാസക്ത സ്വഭാവം കാണിച്ചു.
വീട്ടിൽ കയറാൻ ശ്രമം
ഇതിനിടെ, വീട്ടിനുള്ളിലേക്കും നായ കയറാൻ ശ്രമിച്ചു. വീടിന്റെ കതകുകളടച്ചതിനെത്തുടർന്ന് നായ മുറ്റത്തുതന്നെ കിടന്നു.
ശ്രീകാന്തും മാതാവ് തുളസിഭായിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മയെ വീടിനുള്ളിലാക്കി കതകുകൾ അടച്ച ശ്രീകാന്ത് കാറുമായി പുറത്തിറങ്ങി ഗേറ്റ് പൂട്ടി.
പിന്നീട് നായ ശാന്തനായെങ്കിലും പേ വിഷബാധയുടെ ലക്ഷണം കാണിച്ചതിനാൽ, ഗേറ്റിനുള്ളിലേക്ക് കടക്കാൻ ആരും ധൈര്യപ്പെട്ടില്ല. സ്ഥലത്തെത്തിയ പഞ്ചായത്തംഗം സാലി ഫയർഫോഴ്സിനെ വിവരം അറിയിച്ചു.
വൻ ജനക്കൂട്ടം
ജില്ലാ ഫയർ ഓഫീസർ ബി.എം. പ്രതാപചന്ദ്രന്റെയും സ്റ്റേഷൻ ഓഫീസർ ജോസഫ് ജോസഫിന്റെയും നേതൃത്വത്തിൽ ഫയർഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും നടപടികളൊന്നുമെടുക്കാനായില്ല.
ആർഡിഒ സ്ഥലത്തെത്തി ജില്ലാ കളക്ടറെ വിവരം ധരിപ്പിച്ചു. തുടർന്നു മൃഗസംരക്ഷണവകുപ്പ് ജില്ലാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
ഇതിനിടെ, സംഭവം കേട്ടറിഞ്ഞു വൻ ജനക്കൂട്ടം നായയെ കാണാൻ ഓമല്ലൂരിൽ തടിച്ചുകൂടി. പത്തനംതിട്ട മുതൽ കൈപ്പട്ടൂർ വരെ മണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
പത്തനംതിട്ട പോലീസ് സ്ഥലത്തെത്തി ഏറെ പണിപ്പെട്ടാണ് ഗതാഗതം പുനഃക്രമീകരിച്ചത്.
എന്നാൽ, നായയ്ക്കു വിഷബാധ ഉണ്ടോയെന്നു പരിശോധനയുടെ മാത്രമേ കണ്ടെത്താനാകൂവെന്നാണ് സ്ഥലത്തെത്തിയ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ജ്യോതിഷ് ബാബുവും ഓമല്ലൂർ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഡാനിയൽ കുട്ടിയും പറഞ്ഞു.
വീട്ടുവളപ്പിൽ കടന്ന നായ ചില ലക്ഷണങ്ങൾ കാട്ടിയിരുന്നതിനാൽ നിയമപ്രകാരമുള്ള നടപടികളിലൂടെ മാത്രമേ ഇതിനെ പിടികൂടാനാകൂവെന്ന് ജില്ലാ ഓഫീസർ പറഞ്ഞു.
മൃഗസ്നേഹികൾക്ക്
നായയെ പിടികൂടി മൃഗസ്നേഹികൾക്കു കൈമാറി സംരക്ഷിക്കുകയെന്ന തീരുമാനമാണ് ഉണ്ടായത്.
ഇതനുസരിച്ചു നായ പിടിത്തത്തിനു പരിശീലനം ലഭിച്ചവരെയും ആരോ എന്ന മൃഗസ്നേഹികളുടെ സംഘടനയെയും അധികൃതർ വിവരം അറിയിച്ചു.
ഇവർ 11.30ഓടെ സ്ഥലത്തെത്തി നായയെ വല ഉപയോഗിച്ചു പിടികൂടി. തുടർന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തി മയക്കാനുള്ള കുത്തിവയ്പ് നൽകി.
നായയെ പിന്നീട് ഓട്ടോറിക്ഷയിൽ കൊക്കാത്തോട്ടിലെ അഭയകേന്ദ്രത്തിലേക്കു മാറ്റി.
ഒരാഴ്ചയോളം ഇതിനെ നിരീക്ഷിക്കും. പേ വിഷബാധയുണ്ടെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ സ്വാഭാവിക മരണത്തിനു സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു.
നായയുടെ സ്രവം പരിശോധിച്ചെങ്കിൽ മാത്രമേ പേ വിഷബാധ സ്ഥിരീകരിക്കാനാകൂ. പിന്നീട് വീടും പരിസരവും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കി.