ന്യൂജേഴ്സി: വീടിനു പുറകിൽ കളിച്ചുകൊണ്ടിരുന്ന മൂന്നു വയസുകാരന് അയൽവാസിയുടെ രണ്ടു വളർത്തുനായ്ക്കളായ പിറ്റ്ബുളുകളുടെ ആക്രമണത്തിൽ ദയനീയ അന്ത്യം.
കുട്ടിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന മാതാവിനേയും നായ്ക്കൾ ആക്രമിച്ചെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. ചൊവ്വാഴ്ചയായിരുന്നു സംഭവം.
ന്യൂയോർക്കിലെ ബ്രൂക്ക്ലിനിൽ താമസിച്ചിരുന്ന ഈ കുടുംബം മൂന്നുമാസം മുൻപാണ് കുട്ടികൾക്കു കളിക്കാൻ സൗകര്യമുള്ള വീടുവാങ്ങി ന്യൂജേഴ്സിയിലേക്കു താമസം മാറ്റിയത്.
നായ്ക്കളുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു രക്തത്തിൽ കുളിച്ചുകിടന്നിരുന്ന അസീസ് അഹമ്മദിനെ (3) ഹെലികോപ്റ്ററിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് പിന്നീട് നായ്ക്കളെ വെടിവച്ചു കൊന്നു.
വീടിനകത്തുണ്ടായിരുന്ന 10 വയസുള്ള സഹോദരൻ സംഭവത്തിന് ദൃക്സാക്ഷിയായിരുന്നു. കുട്ടി സംഭവം കണ്ടു നിലവിളിച്ചു.
ആശുപത്രിയിൽ പരുക്കേറ്റ് അബോധാവസ്ഥയിൽ കഴിയുന്ന മാതാവ് മയക്കത്തിൽ നിന്നും ഉണരുന്പോൾ മകനെ വിളിച്ചു കരയുന്നത് ആശുപത്രി ജീവനക്കാരുടെ കണ്ണലിയിപ്പിക്കുന്നതായിരുന്നു.
കുട്ടിയുടെ സംസ്കാരചടങ്ങുകൾക്കും, മാതാവിന്റെ ചികിത്സയ്ക്കുമായി ഗൊ ഫണ്ടു മി പേജ് ആരംഭിച്ചിട്ടുണ്ട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ