മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും മാരകം പേവിഷബാധയാണ്. മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമാണ് (Zoonosis) പേവിഷബാധ അഥവാ റാബീസ് (Rabies).
പേവിഷബാധ ഉണ്ടാക്കുന്നത് ഒരു ആര്.എന്‍.എ. വൈറസാണ് ലിസ വൈറസ്. ഉഷ്ണരക്തമുള്ള എല്ലാ ജീവജാലങ്ങളെയും പേവിഷം ബാധിക്കും. പ്രകടമായ ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ ഒരു വൈദ്യശാസ്ത്രത്തിനും ഒരാളെയും രക്ഷിക്കാന്‍ കഴിയില്ല.
ഏതൊക്കെ മൃഗങ്ങളിൽ?
നായകളിലും പൂച്ചകളിലും ഈ രോഗം കൂടുതലായി കണ്ടുവരുന്നു. പന്നി, കഴുത, കുതിര, കുറുക്കന്, ചെന്നായ, കുരങ്ങന്, അണ്ണാന് എന്നീ മൃഗങ്ങളെയും പേവിഷം ബാധിക്കാറുണ്ട്. വളര്‍ത്തുമൃഗങ്ങളെയും വന്യമൃഗങ്ങളെയും ഒരുപോലെ രോഗം ബാധിക്കും.
രോഗപ്പകര്‍ച്ച
രോഗം ബാധിച്ച മൃഗങ്ങള്‍ നക്കുമ്പോഴും മാന്തുമ്പോഴും കടിക്കുമ്പോഴും ഉമിനീരിലുള്ള രോഗാണുക്കള്‍ മുറിവുകള്‍ വഴി മൃഗങ്ങളുടെയും മനുഷ്യരുടെയും ശരീരത്തില്‍ പ്രവേശിക്കുന്നു.
ഈ അണുക്കള്‍ നാഡികളിലൂടെ സഞ്ചരിച്ച് തലച്ചോറിലെത്തി രോഗമുണ്ടാക്കുന്നു. തലച്ചോറിലെത്തുന്ന വൈറസുകള്‍ അവിടെ പെരുകി ഉമിനീരിലൂടെ വിസര്‍ജിക്കപ്പെടുന്നു.
നായ, പൂച്ച, കുറുക്കൻ.
നായ, പൂച്ച, കുറുക്കന് എന്നിവയിലൂടെയാണ് മനുഷ്യര്‍ക്ക് പ്രധാനമായും പേവിഷബാധയേല്‍ക്കുന്നത്. ഇവയിലൂടെ കന്നുകാലികളിലേക്കും രോഗം പകരാറുണ്ട്.
കേരളത്തില്‍ 95 ശതമാനവും നായകളിലൂടെയാണ് രോഗം പകരുന്നത്. മനുഷ്യരിലും മൃഗങ്ങളിലും പേയുണ്ടാക്കുന്ന രോഗാണുക്കള്‍ ഒന്നുതന്നെയാണ്.
ആര്.എന്‍.എ വൈറസ് ആയ ലിസ വൈറസ് ജനുസില്‍പ്പെട്ട റാബീസ് വൈറസാണ് രോഗമുണ്ടാക്കുന്നത്. ലിസ വൈറസ് നാലുതരമുണ്ട്. 1. റാബീസ് വൈറസ് 2. ലോഗോസ് ബാട്ട് വൈറസ് 3. മൊക്കോള വൈറസ് 4. ഡുവല്‍ഹേജ് വൈറസ്.
കടിയേറ്റാല്‍ രോഗമുണ്ടാകുന്നതിന് എത്രസമയം?
മനുഷ്യശരീരത്തില്‍ രോഗാണു പ്രവേശിച്ചുകഴിഞ്ഞാല്‍ രോഗലക്ഷണം നാലാം ദിവസം മുതല്‍ പ്രകടമായേക്കാം. ചിലപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞും രോഗലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്. എങ്കിലും 30 ദിവസം മുതല്‍ 90 ദിവസം വരെയാണ് ശരാശരി.
നായകളില്‍ ഇത് 10 ദിവസത്തിനും 2 മാസത്തിനുമിടയിലാകാം.കടിക്കുന്ന മൃഗത്തിന്റെ ഉമിനീരിലുള്ള വൈറസിന്റെ അളവ്, കടിയേല്‍ക്കുന്ന ശരീരഭാഗം, കടിയുടെ രൂക്ഷത എന്നിവയെ ആശ്രയിച്ച് കാലാവധിയില്‍ മാറ്റമുണ്ടാകാം.
തലച്ചോറിനടുത്ത ഭാഗത്തെ കടിയാണ്(മാന്തലുമാകാം) ഏറെ അപകടകരം. അതുകൊണ്ടുതന്നെ തലയിലും മുഖത്തും കഴുത്തിലും കണ്‍പോളകളിലും ചെവികളിലും കടിയേല്‍ക്കുന്നത് കൂടുതല്‍ അപകടകരമാണ്.