കൽപ്പറ്റ: ലോക്ക്ഡൗണ്‍ കാലത്തു തെരുവുനായ്ക്കൾക്കു ഭക്ഷണം നൽകി സമൂഹികപ്രവർത്തകൻ. മാർക്കറ്റ് റോഡിലെ വടക്കേത്തൊടി നൗഷാദാണ്(കുട്ടിമോൻ) കോവിഡ് കാലത്തു തെരുവുനായ്ക്കളുടെ രക്ഷകനായത്.
നഗരത്തിലെ പുതിയസ്റ്റാൻഡ്, പിണങ്ങോട് ജംഗ്ഷൻ, എച്ച്ഐഎം യുപി സ്കൂൾ പരിസരം എന്നിവിടങ്ങളിലാണ് തെരുവുനായ്ക്കൾക്കായി ദിവസം ഒരു നേരം കുട്ടിമോന്റെ ഭക്ഷണ വിതരണം.
ചോറും വേവിച്ച ചിക്കൻ പാർട്സുമാണ് തെരുവുനായ്ക്കൾക്കു നൽകുന്നത്. സന്ധ്യമയങ്ങുന്നതോടെയാണ് കുട്ടിമോൻ നായ്ക്കൾക്കു ആഹാരവുമായി നഗരത്തിൽ എത്തുന്നത്.
അപ്പോഴേക്കും മൂന്നു പോയിന്റിലും നായ്ക്കൾ കൂട്ടമായി എത്തി കാത്തുനിൽക്കും. കുട്ടിമോൻ നൽകുന്ന ആഹാരം വയർ നിറെയ കഴിച്ചശേഷമാണ് പലവഴിക്കു അവയുടെ മടക്കം.
യുവജനക്ഷേമബോർഡ് മുനിസിപ്പൽ യൂത്ത് കോ ഓർഡിനേറ്ററും കോണ്‍ഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയുമാണ് കുട്ടിമോൻ. വിശന്നൊട്ടിയ വയറുമായി തെരുവുനായ്ക്കൾ പീടികത്തിണ്ണകളിൽ കിടക്കുന്നുകണ്ടപ്പോൾ തോന്നിയ അലിവാണ് ഭക്ഷണവിതരണത്തിനു പ്രചോദനമായതെന്നു കുട്ടിമോൻ പറഞ്ഞു.
ലോക്ക്ഡൗണ്‍ കഴിഞ്ഞു ഹോട്ടലുകളും മറ്റും തുറക്കുന്നതുവരെ തെരുവു നായ്ക്കൾക്കു ഭക്ഷണം നൽകാനാണ് അദ്ദേഹത്തിന്റെ തീരുമാനം. വീട്ടിൽ പാകംചെയ്ത ചോറും ചിക്കൻപാർട്സുമാണ് നായ്ക്കൾക്കു നൽകുന്നത്. നഗരത്തിലും പുറത്തുമുള്ള ചിക്കൻ കടകളിൽനിന്നാണ് പാർട്സ് സംഘടിപ്പിക്കുന്നത്.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിറ്റേന്നായിരുന്നു ഭക്ഷണ വിതരണത്തിനു തുടക്കം. ആദ്യദിനം ഏതാനും നായ്ക്കൾ മാത്രമാണ് മൂന്നു പോയിന്റുകളിലും ഉണ്ടായിരുന്നത്. ദിവസം കഴിയുംതോറും അവയുടെ എണ്ണം കൂടിവന്നു. ഇപ്പോൾ മൂന്നു പോയിന്റുകളിലുമായി 25 ഓളം നായ്ക്കളാണ് കുട്ടിമോന്റെ മനസിന്റെ ന· അനുഭവിക്കുന്നത്.
നഗരത്തിലെ ഉടയവരില്ലാത്ത മിണ്ടാപ്രാണികളുടെ വിശപ്പ് ദിവസം ഒരു നേരമെങ്കിലും അകറ്റാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നു കുട്ടിമോൻ പറഞ്ഞു. നഗരത്തിൽ അലയുന്ന പൂച്ചകൾക്കും ആഹാരം നൽകുന്നുണ്ട്. മുനിസിപ്പാലിറ്റിക്കും കുടുംബശ്രീ മിഷനും മുന്‍പു കുട്ടിമോൻ ഉൾപ്പെടുന്ന സംഘം നഗരത്തിൽ സാമൂഹിക അടുക്കളയും ആരംഭിച്ചിരുന്നു.