ചൂട് മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ പ്രശ്നമാണ്. ഫാനും എസിയും ഉപയോഗിച്ച് ചൂട് കുറയ്ക്കാൻ നാം ശ്രമിക്കാറുണ്ട്.
വേനൽക്കാലത്ത് ചൂട് കൂടുതലായതിനാൽ ചിലർ വീടിനു പുറത്താണ് കിടക്കുന്നത്. മൃഗങ്ങളാണെങ്കിൽ വെള്ളത്തിലാവും കിടപ്പ്.
ചിലയിനം നായകൾക്ക് ചൂട് സഹിക്കാൻ കഴിയില്ല. ചിലർ തങ്ങളുടെ ഓമന നായകൾക്ക് എസിയും മറ്റും നൽകാറുണ്ട്.
എന്നാൽ അത്തരം സൗകര്യങ്ങളൊന്നും ഇല്ലാത്ത നായ ആണെങ്കിലോ? സൗകര്യം സ്വയം കണ്ടെത്തണം.
ഇങ്ങനെ സ്വയം ചൂട് കുറയ്ക്കാനുള്ള സൗകര്യം കണ്ടെത്തിയ നായയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
തായ്ലാൻഡിലാണ് സംഭവം. പന്യ ബൻഹോംഗ് എന്ന യുവാവിന്റെ സോജി എന്നു പേരുള്ള ഗോൾഡൻ റിട്രീവർ ഇനത്തിൽപ്പെട്ട നായയാണ് കഥയിലെ കേന്ദ്രകഥാപാത്രം.
തായ്ലാൻഡിൽ ഇപ്പോൾ ചൂട് വളരെക്കൂടുതലാണ്. ഇതിൽ നിന്ന് ആശ്വാസം നേടാനുള്ള പരക്കം പാച്ചിലിലായിരുന്നു നായ.
ഇതിനിടെയാണ് യജമാനന് ദാഹിച്ചത്. വെള്ളം എടുക്കുന്നതിനായി ഫ്രിഡ്ജ് തുറന്നതും നായ പിന്നെ മറ്റൊന്നും നോക്കിയില്ല, ഒറ്റ ചാട്ടത്തിന് ഫ്രിഡ്ജിന്റെ ഉള്ളിൽ കയറി. വലിപ്പം ചെറുതായതിനാൽ കക്ഷി അതിന്റെ ഉള്ളിൽ ഒതുങ്ങി.
പക്ഷെ സംഗതി പ്രശ്നമാണെന്നും കണ്ട ഉടമ സോജിയ ഫ്രിഡ്ജിൽ നിന്ന് പുറത്തെടുത്തു.
മുറിയിൽ കൊണ്ടുപോയി ഒരു ഫാൻ വച്ചുകൊടുത്താണ് പ്രശ്നം പരിഹരിച്ചത്.
നായ ഫ്രിഡ്ജിൽ കയറുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.