ഗാന്ധിനഗർ: തെരുവുനായയുടെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിനിയുടെ ആരോഗ്യനില അതീവഗുരുതരമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ്.
റാന്നി പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാഭവനിൽ ഹരീഷിന്റെ മകൾ അഭിരാമി(12) യാണ് കുട്ടികളുടെ ആശുപത്രിയിൽ കഴിയുന്നത്.
തെരുവ് നായയുടെ കടിയേറ്റതിനെത്തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽനിന്ന് മൂന്നുതവണ പേവിഷബാധയ്ക്കുള്ള കുത്തിവയ്പ് എടുത്തിരുന്നു.
എന്നാൽ ഇന്നലെ ഉച്ചയ്ക്കുശേഷം ആരോഗ്യനില മോശമായതിനെത്തുടർന്ന് കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇപ്പോൾ കുട്ടി വെന്റിലേറ്ററിലാണ്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടൻ കുട്ടിയുടെ ശരീരത്തിൽനിന്ന് ഉമിനീർ, കണ്ണുനീർ, നട്ടെല്ലിന്റെ ഭാഗത്തുനിന്ന് വെള്ളം കുത്തിയെടുത്തുള്ള പരിശോധന എന്നിവ നടത്തിക്കൊണ്ടിരിക്കുകയാണ്.
കഴുത്തിന്റെ പിൻഭാഗത്തുനിന്ന് സ്കിൻ ശേഖരിച്ചുള്ള പരിശോധനകളും നടത്തുന്നുണ്ട്. നാല് മണിക്കൂർ ഇടവിട്ടുള്ള പരിശോധനകളാണ് നടത്തി ക്കൊണ്ടിരിക്കുന്നതെന്നും ഡോ. ജയപ്രകാശ് രാഷ്ട ദീപികയോട് പറഞ്ഞു.
തിരുവനന്തപുരം, പൂനെ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളിലാണ് പരിശോധനകൾ നടത്തുന്നതെന്നും സൂപ്രണ്ട് അറിയിച്ചു.