ചേര്‍ത്തല: പേവിഷബാധയേറ്റ് 14 കാരന് മരിച്ച അര്‍ത്തുങ്കലില്‍ സ്കൂള്‍ വളപ്പില്‍ ദുരൂഹസാഹചര്യത്തില്‍ നായ ചത്ത നിലയിൽ.
വായില്‍നിന്നു നുരയും പതയും വന്നാണ് നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് നായ ചത്തത്. മരിച്ച 14 കാരന് എങ്ങനെ പേവിഷബാധയേറ്റതെന്നു കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ ഈ സംഭവത്തോടെ പ്രദേശം ഭീതിയിലായിരിക്കുകയാണ്.
നായയെ ആരെങ്കിലും വളര്ത്തിയിരുന്നതാണോയെന്നു കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. നായയുടെ ശരീരം പോസ്റ്റ്മോര്‍ട്ടം ചെയ്യാനും പരിശോധനകള്‍ക്കുമായി ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ 16നു അര്‍ത്തുങ്കല്‍ സ്രാമ്പിക്കല്‍ രാജേഷിന്റെ മകന് നിര്‍മല്‍ രാജേഷ് (14) പേവിഷബാധയെ തുടര്‍ന്നു ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
മരണശേഷം നടത്തിയ പരിശോധനകളിലാണ് പേവിഷബാധയെന്നു കണ്ടെത്തിയത്. അതേസമയം വീട്ടില്‍ വളര്‍ത്തിയിരുന്ന നായയ്ക്കു പേവിഷബാധയില്ലെന്നും കണ്ടെത്തിരുന്നു.
പേവിഷബാധയുടെ ഉറവിടം എവിടെയെന്നുള്ള അധികൃതരുടെ പരിശോധനയ്ക്കിടയിലാണ് പുതിയ സംഭവം.
സ്കൂളില്‍ കിടന്നു ചത്ത പട്ടിക്കു പേവിഷബാധയേറ്റിട്ടുണ്ടെന്നാണ് ലക്ഷണങ്ങളില്നിന്നുള്ള പ്രാഥമിക നിഗമനം. ഇതോടെ ചത്ത നായവഴി മറ്റു മൃഗങ്ങളിലേക്കും ഇതു പകര്‍ന്നിരിക്കാമെന്നതും ജനങ്ങളില്‍ ഭീതി പടര്‍ത്തിയിട്ടുണ്ട്.