കണ്ണൂർ: പോലീസുകാർ ഭക്ഷണവും വെള്ളവും നൽകി പോറ്റി വളർത്തിയ തെരുവുനായക്ക് പേയിളകി മരിച്ചതിനെ തുടർന്ന് 40 പോലീസുകാർ പ്രതിരോധ കുത്തിവയ്പ് എടുത്തു. കണ്ണൂർ ട്രാഫിക് പോലീസ് സ്റ്റേഷനിലെ നിത്യ സന്ദർശകനും രാത്രി പോലീസുകാരോടൊപ്പം ‘പാറാവ് ഡ്യൂട്ടി’ ചെയ്യുകയും ചെയ്തിരുന്ന തെരുവുനായയെ വളരെ സ്നേഹത്തോടെയാണ് പോലീസുകാർ പരിചരിച്ചത്.
പോലീസുകാർ കഴിക്കുന്ന ആഹാരത്തിന്റെ ഒരു വിഹിതം ഈ തെരുവുനായക്ക് നൽകിയും മറ്റുള്ള തെരുവുനായകളിൽനിന്നും രക്ഷിച്ചും ഇതിന് സ്റ്റേഷനിൽ സ്ഥിര താമസം ഒരുക്കി. ഇതിന് പ്രത്യുപകാരമായി തെരുവുനായ രാത്രിയിൽ ട്രാഫിക് സ്റ്റേഷന്റെ മുറ്റത്ത് ഇരുന്ന് അസമയത്ത് സ്റ്റേഷനിലേക്ക് എത്തുന്നവർക്കു നേരെ കുരച്ച് പോലീസുകാരെ ഉണർത്തി ആളുകൾ സ്റ്റേഷനിലേക്ക് വരുന്നുണ്ടെന്ന് ബോധ്യപ്പെടുത്തും.
പോലീസിന്റെ സ്നേഹ സാന്ത്വനങ്ങൾ ഏറ്റുവാങ്ങുന്നതിനിടെ രണ്ടു ദിവസം മുന്പ് പോലീസ് സ്റ്റേഷൻ കോന്പൗണ്ടിൽ തെരുവുനായയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നല്ല ആരോഗ്യമുള്ള തെരുവുനായ പെട്ടെന്ന് ചത്തത് പോലീസുകാർക്കിടയിൽ സംശയം ബലപ്പെട്ടു.
തുടർന്ന് പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് നായയുടെ ശരീരം വെറ്ററിനറി സർജൻ പോസ്റ്റുമോർട്ടം നടത്തി. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നപ്പോൾ പോലീസുകാർ ഞെട്ടി. തെരുവുനായ പേ ഇളകിയാണ് മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. തുടർന്ന് ട്രാഫിക് പോലീസ് സ്റ്റേഷനിലെ 40 പോലീസുകാർ ജില്ലാ ആശുപത്രിയിൽ നിന്നു പ്രതിരോധ കുത്തിവയ്പ് നടത്തി. വഴിയെ പോയ വയ്യാവേലി തലയിലെടുത്തു എന്ന ചിന്തയിലാണ് പോലീസുകാർ.