നായക്കുട്ടിയാണെന്നു കരുതി ഇക്കാലമത്രയും താൻ ഓമനിച്ചു വളർത്തിയത് ഒരു കാട്ടുകരടിയെയായിരുന്നു എന്നു തരിച്ചറിഞ്ഞതിന്റെ ഞെട്ടലിലാണ് സുയുൻ എന്ന ചൈനാക്കാരി. സിച്ചുവാൻ പ്രവിശ്യയിലുള്ള കുൻമിംഗിൽ താമസക്കാരിയായ ഇവർ രണ്ടു വർഷം മുന്പാണ് “നായ’’യെ വാങ്ങുന്നത്.
ടിബറ്റൻ മസ്തിഫ് എന്ന മുന്തിയ ഇനം നായയുടെ കുട്ടിയാണെന്നാണ് വിലപ്നക്കാരൻ സുയുനിനെ ധരിപ്പിച്ചത്. കാഴ്ചയിൽ ടിബറ്റൻ മാസ്റ്റിഫിനെപ്പോലെയായിരുന്നതിനാൽ സംശയലേശമന്യേ സുയുൻ വാങ്ങുകയും ചെയ്തു.
ആദ്യത്തെ ഒരു വർഷം കാര്യമായ കുഴപ്പങ്ങളൊന്നുമില്ലായിരുന്നു. എന്നാൽ ഒരു വർഷം പിന്നിട്ടതോടെ എവിടെയെക്കോയോ ചില പൊരുത്തക്കേടുകൾ സുയുന് അനുഭവപ്പെട്ടു. അമിതമായി ഭക്ഷണം കഴിക്കൽ, ശരീര ഭാരത്തിന്റെ ക്രമാതീതമായ വർധന, മുഖത്തെ രൂപമാറ്റം അങ്ങനെ പലതും തന്റെ പ്രിയപ്പെട്ട നായക്കുട്ടിയിൽ പ്രകടമായതോടെ സുയുനിന് ആധിയായി.
ഒടുവിൽ “നായക്കുട്ടി’’ രണ്ടു കാലിൽ നില്ക്കുന്നതു പതിവായതോടെ സുയുൻ മൃഗക്ഷേമ വകുപ്പിൽ കാര്യമറിയിക്കുകയായിരുന്നു. പരിശോധന നടത്തിയശേഷം മൃഗ ഡോക്ടർമാർ പറഞ്ഞതു കേട്ട് സുയൻ ഞെട്ടിത്തരിച്ചു. നിങ്ങൾ ഇക്കാലമത്രയും വളർത്തിയത് കരടിയെയാണ്. അതും വംശനാശഭീഷണി നേരിടുന്ന ഏഷ്യൻ ബ്ലാക് ബിയറിനെ.
വന്യമൃഗങ്ങളെ വീട്ടിൽ വളർത്താൻ അനുമതിയില്ലാത്തതിനാൽ സുയുവിന്റെ വളർത്തുകരടിയെ മൃഗശാലയിൽ പാർപ്പിച്ചിരിക്കുകയാണ് അധികൃതരിപ്പോൾ.