ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇന്ന് പട്ടികളുടെ സ്വന്തം നാടായി പരിണമിച്ചിരിക്കുന്നു.
ഇതിനൊക്കെ വളരെ പണ്ടേ നമ്മുടെ മാതൃഭാഷയായ മലയാളത്തിൽ പട്ടികൾ മികച്ച ഇടംനേടിയിരുന്നു.
പട്ടിയുമായി ബന്ധപ്പെട്ട പദങ്ങൾ, ആശയങ്ങൾ, ഉപമകൾ, പഴംചൊല്ലുകൾ, പ്രയോഗങ്ങൾ എന്നിവയാൽ സമ്പന്നമാണ് മലയാള ഭാഷ.
മലയാളികൾ തമ്മിൽ ഭിന്നത ഉണ്ടാവുകയും, അത് വാക്ക്പോരിന് വഴിമാറുകയും ചെയ്യുന്ന ഘട്ടത്തിൽ പട്ടികൾ പലപ്പോഴും കയറിവരുന്നു.
എടാ… പട്ടി, പോടാ… പട്ടി തുടങ്ങി നായിന്റെ മോൻ വരെയുള്ള സംബോധനകളിലൂടെ വഴിയെപോകുന്ന പട്ടികളെ ലഹളയുടെ ഭാഗമാക്കുന്നു.
ജീവിതയാത്രയിൽ, എങ്ങും എത്തിപ്പെടാതെ.. തൊടുന്നത് മുഴുവനും പരാജയപ്പെട്ട് നിൽക്കുന്ന ഒരു വ്യക്തി, മറ്റുള്ളവരെ നോക്കി ആത്മവിശ്വാസത്തോടെ പറയുന്ന ഒരു വാക്കുണ്ട്. -“ഏത് പട്ടിക്കും ഒരു ദിവസം ഉണ്ട്. ഓർത്തു വച്ചോ’.
ഉത്തരവാദിത്വങ്ങളിൽനിന്ന് ഒഴിഞ്ഞ് ഉഴപ്പിനടക്കുന്ന ആളുകളെ നോക്കി, മറ്റുള്ളവർ പറയും -“താൻ ഇരിക്കേണ്ടിടത്ത് താൻ ഇരുന്നില്ലെങ്കിൽ, അവിടെ പട്ടി കയറി ഇരിക്കും.
പറഞ്ഞില്ലെന്ന് വേണ്ട’. വെറുതേ കറങ്ങിനടക്കുകയും ആ നടപ്പുകൊണ്ട് ആർക്കും ഒരു പ്രയോജനവും ഇല്ലാതിരിക്കുകയും ചെയ്താലോ.
അതിനും പട്ടികൾക്കാണ് കുറ്റം -“നായ്ക്ക് ഇരിക്കാൻ നേരേം ഇല്ല. നായ നടന്നിട്ട് കാര്യേം ഇല്ല’.
എന്തെങ്കിലും കാര്യസാധ്യത്തിന് ഇറങ്ങി തിരിച്ചിട്ട്, നടന്നില്ലെങ്കിലും ചിലരത് പട്ടികളുടെ തലയിൽ കെട്ടിവയ്ക്കും. “പട്ടി ചന്തയ്ക്ക് പോയപോലെ’.
എത്ര ഉപദേശിച്ചാലും നേരെ ആകാത്ത ആളുകളുണ്ട്. അതിന് പട്ടിയുടെ വാലിനെയാണ് ചിലർ പഴി പറയുന്നത് –
“പട്ടിയുടെ വാല് പന്തിരാണ്ട് കൊല്ലം കുഴലിൽ ഇട്ടാലും കുഴല് വളയത്തെ ഉള്ളൂ, വാല് നേരെ ആകാൻ വിഷമമാ’.
എവിടെ ചെന്നാലും എച്ചിത്തരം കാണിക്കുന്ന ആളുകളെ നോക്കി പറയുന്നത് ഇങ്ങനെ – “നായ നടുക്കടലിൽ ചെന്നാലും നക്കിയേ കുടിക്കൂ’.
ഒരുകാരണവും ഇല്ലാതെ വിഷാദിച്ച് ഇരിക്കുന്നവന്, കരയാൻ ഒരു കാരണവും കൂടി കിട്ടിയാൽ എങ്ങനെ ഇരിക്കും. അവരെക്കുറിച്ച് പറയാനും നായതന്നെ ശരണം -“മോങ്ങാൻ ഇരുന്ന നായയുടെ തലയിൽ തേങ്ങാ വീണു’.
വെറുതെ ശബ്ദകോലാഹലങ്ങൾ ഉണ്ടാക്കുന്നവർ ഭീരുക്കളാണെന്നും മൗനികളാണ് കൂടുതൽ അപകടകാരികൾ എന്ന് കാണിക്കാനും പട്ടികൾതന്നെ വേണം -“കുരയ്ക്കും പട്ടി കടിക്കില്ല’.
എല്ലാ മേഖലയിലും ഉയർന്നനിലയിൽ ഉള്ളവർക്ക്, പലതിനേയും ഭയപ്പെടേണ്ടതില്ല എന്നു കാണിക്കാനും പട്ടിതന്നെ കൂട്ട് -“ആന പുറത്ത് ഇരുന്നാൽ പട്ടിയെ പേടിക്കണോ’.
പണ്ടത്തെ കോളിംഗ് ബെല്ലുകൾ ഈ പട്ടികൾതന്നെ ആയിരുന്നു. “പട്ടി കുരച്ചാൽ പടി തുറക്കും’.
ഇഷ്ടമില്ലാത്ത ഇടങ്ങളിൽ പോകുന്നതിനോ, താല്പര്യമില്ലാത്ത സദ്യയ്ക്ക് ക്ഷണിച്ചാലോ, അവിടെ പട്ടിയെ ഒരുളുപ്പും ഇല്ലാതെ തള്ളിവിടാൻ നമുക്ക് ഒരു മടിയും ഇല്ല -“പിന്നെ… എന്റെ പട്ടി പോകും…’
വെല്ലുവിളി നടത്തുമ്പോഴും പട്ടികളെ വെറുതെ വിടാറില്ല -“എന്റെ പേര് നിന്റെ പട്ടിക്കിട്ട് വിളിച്ചോ…’
കലിപ്പ് അടങ്ങാത്തവരെ സൂചിപ്പിക്കാനും പട്ടിയെ ഉപയോഗിക്കും -“അരിയും തിന്ന് ആശാരിച്ചിയേയും കടിച്ചു എന്നിട്ടും പട്ടിക്ക് മുറുമുറുപ്പ്’.
അങ്ങനെ ഒരുപാട് പറയാനുണ്ട്. പട്ടിയൊട്ട് പുല്ലു തിന്നത്തും ഇല്ല, പശുവിനെകൊണ്ട് തീറ്റിക്കത്തും ഇല്ല, പട്ടിക്ക് പ്രായം വച്ചത്പോലെ, വയ്യാത്ത പട്ടി എന്തിനാണ് കയ്യാല കേറാൻ പോയത്, നായ ചാടിയാൽ ചന്ദ്രനിൽ എത്തുമോ?
പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടത്തെക്കാളും അധികം ആണെന്ന വർത്തമാന കാല യാഥാർഥ്യത്തെ ഉൾക്കൊണ്ട് മനുഷ്യനും സകലജീവജാലങ്ങൾക്കും ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ടെന്ന് അറിയിക്കുന്നതിനൊപ്പം പൊന്നു കായ്ക്കുന്ന മരം ആയാലും പുരയ്ക്കു മീതേ ചാഞ്ഞാൽ മുറിക്കണമെന്ന സാമാന്യതത്വം കൂടി ഓർമപ്പെടുത്തി നിർത്തുന്നു…
(വാട്സാപ്പിൽ വന്നത്)