കണക്റ്റിക്കട്ട്: അമേരിക്കയിൽ കൊടും ശൈത്യത്തെതുടർന്നു നായ തണുത്തുറഞ്ഞു നിൽക്കുന്നത് കണ്ടെത്തിയതിനെ തുടർന്നു ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി നാലിനാണ് ഹാർട്ട്ഫോർഡിലാണ് സംഭവം.
മൃഗങ്ങളോടുള്ള ക്രൂരത എന്ന വകുപ്പു ചുമത്തിയാണ് ഉടമയായ മിഷൽ ബെനറ്റ് എന്ന അന്പതുകാരിയെ ആഡംസ് സ്ട്രീറ്റിൽ നിന്നും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവർക്ക് 2,500 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.
സമീപവാസികളാണ് നായ പുറത്തു ഐസായി നിൽക്കുന്ന വിവരം പോലീസിൽ അറിയിച്ചത്. പിറ്റ് ബുൾ വർഗത്തിൽപെട്ട നായ ഏകദേശം ഒരു മാസമായി പുറത്തായിരിക്കാം എന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്നും മനസിലാക്കുന്നതെന്ന് പോലീസ് പറഞ്ഞു.
കൊടുംതണുപ്പിൽ വളർത്തു മൃഗങ്ങളെ പുറത്തു നിർത്തുന്നതിനെതിരെ ആനിമൽ വെൽഫെയർ ഗ്രൂപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വളർത്തു മൃഗങ്ങളെ പുറത്തു നിർത്തിയിരിക്കുന്നുവെന്നു ചൂണ്ടിക്കാണിച്ച് നൂറുകണക്കിന് ഫോണ് കോളുകളാണ് ഓരോ ദിവസവും ലഭിക്കുന്നതെന്ന് ആനിമൽ കെയർ സർവീസ് അറിയിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ