തളിപ്പറമ്പ്: തെരുവ് നായയിൽ നിന്നും ആടുകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നായയുടെ ആക്രമണത്തിൽ രണ്ടു സ്ത്രീകൾക്ക് പരിക്കേറ്റു.
ഒരാളുടെ നില ഗുരുതരം. പട്ടുവം കയ്യംതടത്തെ ചാപ്പയില്‍ സുരേന്ദ്രന്റെ ഭാര്യ പ്രമീള ( 48), കൂവോട്ടെ സൗദ എന്നിവർക്കാണ് കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ പ്രമീളയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം നാലിനായിരുന്നു സംഭവം.
ക്ഷീരകര്‍ഷകയായ പ്രമീളയ്ക്ക് 17 ആടുകളുണ്ട്. മൂന്നാഴ്ച പ്രായമുള്ള ആട്ടിൻകുട്ടിയെ നായ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോൾ നായ ഇവരെ ആക്രമിക്കുകയായിരുന്നു. പ്രമീളയുടെ മുഖത്തും കൈക്കുമാണ് കടിയേറ്റത്.
മുഖത്ത് ഗുരുതരമായി പരിക്കേറ്റ പ്രമീള അബോധാവസ്ഥയിലായി. ബഹളം കേട്ട് ഓടിയെത്തിയ പരിസരവാസികളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
തളിപ്പറന്പ് താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു.
നായ പിന്നീട് കൂവോട് അണക്കെട്ടിനടുത്ത സൗദയുടെ ആടിനെയും ആക്രമിച്ചു. തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് സൗദയ്ക്കും കടിയേറ്റത് സൗദയെ തളിപ്പറമ്പ് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞയാഴ്ച പട്ടുവം പറപ്പൂലിലെ ജോഷിയുടെ വീട്ടിലെ പൂച്ചയെയും നായ ആക്രമിച്ച് പരിക്കേല്പിച്ചിരുന്നു.
കഴിഞ്ഞ മാസം മുറിയാത്തോട്ടെ റിട്ട. പോലീസ് എസ് ഐ ടി.പി.രാധാകൃഷ്ണൻ, തളിപ്പറമ്പ് ജോയിന്റ് ബിഡിഒ മീരാഭായി എന്നിവരുടെ വീട്ടിലെ കോഴിക്കൂട് തകര്‍ത്ത് നായക്കൂട്ടം കോഴികളെ കൊന്നിരുന്നു.
പട്ടുവം പ്രദേശങ്ങളില്‍ ഭ്രാന്തന് നായക്കളുടെയും തെരുവ് നായ്ക്കക്കളുടെയും ശല്യം വർധിച്ച് വരുന്നതില്‍ ജനങ്ങള്‍ ഭീതിയിലാണ് കഴിയുന്നത്.
അലഞ്ഞ് തിരിയുന്ന തെരുവുനായ്കളുടെ ശല്യം തടയാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.