മനുഷ്യന്റെ ഉറ്റ ചങ്ങാതി എന്നാണ് നായ്ക്കളെക്കുറിച്ച് പറയുന്നത്. ഉറ്റ ചങ്ങാതിയാകുമ്പോള്‍ അവശ്യഘട്ടങ്ങളില്‍ നമുക്ക് വേണ്ട സഹായങ്ങളും ചെയ്യണമല്ലോ…
അമേരിക്ക സ്വദേശിയായ ലിന്‍ഡ ഖുഷ് എന്ന അറുപത്തിമൂന്നുകാരിയെ സംബന്ധിച്ചിടത്തോളം അവരുടെ നായ്ക്കള്‍ കൂട്ടുകാര്‍ മാത്രമല്ല വീട്ടു ജോലിക്കാര്‍കൂടിയാണ്.
വേട്ട നായ്ക്കളുടെ ഇനത്തില്‍പ്പെട്ട മൂന്നു നായ്ക്കളാണ് ലിന്‍ഡയ്ക്കു കൂട്ടായുള്ളത്. തന്റെ യജമാനത്തിക്ക് ഒരാവശ്യമെന്നു കണ്ടാല്‍ സഹായിക്കാന്‍ റേക്കയും റോക്‌സിയും റിലിയും മത്സരിച്ചു മുന്നിലുണ്ടാകും.
സഹായമെന്നു പറഞ്ഞാല്‍ പത്രം എടുത്തു കൊണ്ടുവരുന്നതോ ചെരുപ്പുകള്‍ യഥാസ്ഥാനത്തു കൊണ്ടുവയ്ക്കുന്നതോ ഒന്നുമല്ല.
ലിന്‍ഡയുടെ നായ്ക്കള്‍ ചെയ്യുന്ന ജോലികള്‍ കണ്ടാല്‍ ആരും വിസ്മയിച്ചു നിന്നുപോകും. ലിന്‍ഡയുടെ വീട് തുടയ്ക്കുന്നതും പാത്രങ്ങള്‍ കഴുകി വൃത്തിയാക്കുന്നതും തുണികള്‍ അലക്കുന്നതുമെല്ലാം യജമാനത്തിക്കൊപ്പം റേക്കയും റോക്‌സിയും റിലിയും ചേര്‍ന്നാണ്. ‘ഇതിനായി ഇവര്‍ക്കു പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ അവര്‍ക്ക് അതൊരു ഭാരമാകുന്നതുപോലെ ഇതുവരെ പെരുമാറിയിട്ടില്ല. ഓരോരുത്തര്‍ക്കും ചെയ്യാനുള്ള ജോലികള്‍ പ്രത്യേകം വീതിച്ചു നല്‍കിയിട്ടുണ്ട്.’ ലിന്‍ഡ പറയുന്നു.
സമൂഹമാധ്യമങ്ങളില്‍ തന്റെ നായ്ക്കളുടെ ചിത്രങ്ങള്‍ ലിന്‍ഡ പതിവായി പങ്കുവയ്ക്കാറുണ്ട്. ഇവര്‍ ചെയ്യുന്ന രസകരവും അതേസമയം ഉപകാരപ്രദവുമായ പ്രവൃത്തികള്‍ക്കു മികച്ച കൈയടിയാണ് ലഭിക്കുന്നത്.
മടിപിടിച്ചിരിക്കുന്ന നായ്ക്കള്‍ക്കും അവരുടെ യജമാനന്മാര്‍ക്കും തന്റെ നായ്ക്കള്‍ മാതൃകയാകണം എന്ന ലക്ഷ്യവും ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതിനു പിന്നിലുണ്ടെന്നു ലിന്‍ഡ പറഞ്ഞു.