കോട്ടയം: കോട്ടയം പോലീസ് ക്യാന്പിലെ ബോംബ് പരിശോധന വിഭാഗത്തിൽപ്പെട്ട പോലീസ് നായ ജൂലി യാത്രയായി. അന്തിമോപചാരച്ചടങ്ങിൽ കോട്ടയം പോലീസ് ഡോഗ് സ്ക്വാഡിലെ നായ്ക്കളായ ജിൽ, റീന, ബെയ്ലി, രവി, ഡോണ്‍, റോക്കി എന്നിവ മുൻകാലുകളും ശിരസും താഴ്ത്തി സഹപ്രവർത്തകയ്ക്ക് അന്ത്യ അഭിവാദ്യം അർപ്പിച്ചു.
വൃക്കരോഗം ബാധിച്ച പോലീസ് നായ ഒരു വർഷമായി ചികിത്സയിലായിരുന്നു. കറുത്ത നിറത്തിൽ ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയെ കോട്ടയം കെന്നൽ ക്ലബാണ് അഞ്ചു വർഷം മുൻപ് പോലീസ് സേനയ്ക്കു നല്‍കിയത്.
നിരവധി വിഐപികളുടെ സന്ദർശന വേളയിൽ ജൂലി ബോംബ് പരിശോധന ചുമതല വഹിച്ചു. ജൂലിയെ ഇന്നലെ ഉച്ചയോടെ പോലീസ് ബഹുമതികളോടെ പോലീസ് ക്യാന്പിൽ മറവു ചെയ്തു.