നിലന്പൂർ: നായയെ വളർത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ ഗൃഹനാഥനും ഭാര്യക്കും പരിക്ക്. സംഭവത്തിൽ വഴിക്കടവ് പോലീസിൽ പരാതി നൽകി. മണിമൂളി വരക്കുളം താഴത്ത്മലയിൽ ജിജി ജോർജ്(39), ഭാര്യയും എടക്കര സിവിൽ സപ്ലൈസ് ഓഫീസിലെ അസിസ്റ്റന്റ് സെയിൽസ് മാനേജരുമായ അജിമോൾ(37) എന്നിവർക്കുമാണ് മർദനമേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് ഇവർ പറയുന്നതിങ്ങനെ. തിങ്കളാഴ്ച്ച രാത്രി 10.40 ഓടെ അയൽവാസികളായ അഞ്ചുപേരെത്തി വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. തുടർന്ന് പട്ടിയെ വളർത്തുന്നത് ചോദ്യം ചെയ്തു. ഇപ്പോൾ സംസാരിക്കാൻ താത്പര്യമില്ലെന്നും നേരം വെളുത്ത ശേഷം സംസാരിക്കാമെന്നും അറിയിച്ചു.
വീട്ടിൽ ഇൻവെർറ്റർ സൗകര്യമുള്ളതിനാൽ ഒൻപതു വയസുകാരനായ മകൻ ലൈറ്റ് തെളിച്ചു. അപ്പോഴാണ് അക്രമിക്കാൻ തയാറായി നിൽക്കുന്ന സംഘത്തെ കണ്ടത.് അതോടെ താൻ വാതിൽ അടച്ചു. എന്നാൽ വന്നവർ ബലമായി വാതിൽ തുറന്ന് അടിക്കുകയായിരുന്നു.
ഇടത് നെഞ്ചിലും കൈകൾക്കും കാലുകൾക്കും പുറത്തും ജിജിക്ക് പരിക്കുണ്ട്. തന്നെ മുടിക്ക് കുത്തി പിടിച്ച് ഒരാൾ പുറത്ത് ഇടിക്കുകയായിരുന്നുവെന്ന് അജിമോൾ പറഞ്ഞു. രണ്ടു വർഷമായി ജിജി ജോർജ് തന്റെ വീട്ടിൽ റോഡ് വീലർ ഇനത്തിൽപ്പെട്ട നായയെ വളർത്തുന്നുണ്ട്. ഇതിന് ആവശ്യമായ പഞ്ചായത്ത് ലൈസൻസും എടുത്തിട്ടുണ്ട്.
മുൻപ് ക്ലബ് വിഷയവുമായി ജിജിയും അയൽവാസികളും തമ്മിൽ തർക്കമുണ്ടായിരുന്നു. അതിനാൽ കഴിഞ്ഞ ആറു വർഷമായി ഇവരുടെ കുടുംബങ്ങൾ തമ്മിൽ അകൽച്ചയിലാണ്. നായയെ വളർത്തുന്നതിനെതിരെ വഴിക്കടവ് പോലീസിൽ അയൽവാസി പരാതി നൽകിയിരുന്നു.
എന്നാൽ പഞ്ചായത്ത് ലൈസൻസ് ഉൾപ്പെടെ താൻ ഹാജരാക്കിയതിനാൽ പരാതി തള്ളി പോയി. മർദനത്തിന് പിന്നിൽ പൂർവവൈരാഗ്യമാണെന്നും നിലന്പൂർ ജില്ലാ ആശുപത്രിയിൽ ചികത്സ നേടിയ ഇവർ പറഞ്ഞു.