നമ്മുടെ നഗരത്തിന്റെയും നാട്ടിൻ പുറത്തിന്റെയും തെരുവോരങ്ങളിൽ ഏറ്റവും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ് തെരവുനായകൾ.
കോട്ടയം അടക്കമുള്ള നഗരങ്ങളിലെ മാലിന്യസംസ്കരണം പാളിയതോടെ റോഡുകളിൽ നായകളുടെ ശല്യം ഏറിയിരിക്കുകയാണ്.
നായകളെ അടിയന്തരമായി നിയന്ത്രിക്കേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. കുട്ടികൾക്കും കാൽനട യാത്രികർക്കും ബൈക്ക് യാത്രികർക്കും കടുത്ത ഭീഷണിയായിരിക്കുകയാണ് ഇവ.
രോഗം ബാധിച്ചവയും
തെരുവിൽ അലയുന്നതിൽ വലിയൊരു വിഭാഗം നായകൾ രോഗം ബാധിച്ചവയാണ്. മൃഗസംരക്ഷണ വകുപ്പ് വന്ധ്യംകരണത്തിനു വിധേയമാക്കി അതതു സ്ഥലങ്ങളിൽ തിരിച്ചെത്തിച്ച നായ്ക്കളും പ്രായം ചെന്നവയുമാണ് രോഗബാധിതരായി മാറിയിട്ടുള്ളത്.
ഇതോടൊപ്പം നായ്ക്കളുടെ നിർമാർജന പ്രക്രിയകൂടി നിലച്ചതോടെ പലേടത്തും പെരുകി.
ശരീരം പൊട്ടി ഒഴുകുന്നതും കവിളിനു മുറിവുള്ളതും വ്രണങ്ങള്‍ രൂപപ്പെട്ടതുമായ നിരവധി നായ്ക്കളെയാണ് കാണുന്നത്. പലതും ഗുരുതരമായ രോഗം ബാധിച്ചവയാണ്.
വേദനയും പട്ടിണിയും കാരണം ഇവ പലപ്പോഴും അക്രമകാരികളാകുന്നുണ്ട്. യാത്രക്കാരും വ്യാപാരികളും കഷ്ടിച്ചാണ് രക്ഷപ്പെടുന്നത്.
ബസ് സ്റ്റാൻഡുകളിലും
മഴക്കാലംകൂടി ആയതോടെ നായ്ക്കള്‍ വ്യാപാര സ്ഥാപനങ്ങളുടെയും മറ്റു കെട്ടിടങ്ങളുടെയും തിണ്ണകളിലും ഇടനാഴികളിലും അഭയം തേടുന്നതും പതിവായി.
ബസ് സ്റ്റാൻഡ് ടെർമിനലുകൾ, വെയ്റ്റിംഗ് ഷെഡുകൾ, സ്റ്റേഡിയം പവലിയനുകൾ തുടങ്ങിയ സ്ഥലങ്ങളെ തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രങ്ങളാണ്.
പലേടത്തും തദ്ദേശസ്ഥാപനങ്ങളും ആരോഗ്യവകുപ്പും തെരുവുനായ്ക്കളുടെ ശല്യവുമായി ബന്ധപ്പെട്ടു നിശബ്ദരാണ്.
നായ്ക്കളെ നശിപ്പിക്കാൻ അനുവാദമില്ലാത്തതിനാൽ ഇവയെ തടയാൻ ആകില്ലെന്ന നിലപാടാണ് തദ്ദേശ സ്ഥാപനങ്ങൾക്കുള്ളത്.
മൂന്നു ലക്ഷം സംഭവങ്ങൾ
തെരുവുനായ്ക്കൾ ആക്രമിക്കുന്നതും അവ വാഹനങ്ങൾക്കു കുറുകെച്ചാടി അപകടമുണ്ടാകുന്നതുമായി ബന്ധപ്പെട്ട് കേരളത്തിൽ ഏകദേശം മൂന്നു ലക്ഷത്തിലധികം സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്.
നഗര, ഗ്രാമപ്രദേശങ്ങളിൽ ഒരേപോലെ നായ ശല്യമുണ്ട്.
നായ കടിച്ചാൽ നഷ്ടപരിഹാരം
തെരുവു നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റാൽ നഷ്ടപരിഹാരം ലഭിക്കും. എന്നാൽ, വളരെ കുറച്ചുപേർ മാത്രമേ ഇതു പ്രയോജനപ്പെടുത്തുന്നുള്ളൂ.
സുപ്രീംകോടതി നിർദേശപ്രകാരം കൊച്ചിയിൽ ജസ്റ്റീസ് സിരിജഗന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മൂന്നംഗ കമ്മിറ്റിക്കാണ് അപേക്ഷ നൽകേണ്ടത്.
ആരോഗ്യവകുപ്പ് ഡയറക്ടർ, നിയമ സെക്രട്ടറി എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ.
ചെയ്യേണ്ടത് ഇത്ര മാത്രം
=തെരുവുനായ ആക്രമിക്കുകയോ നായ മൂലം അപകടങ്ങളുണ്ടാകുകയോ ചെയ്താൽ ഒരു വെള്ള പേപ്പറിൽ യഥാർഥ വിവരങ്ങൾ അപേക്ഷയായി എഴുതണം.
=ചികിത്സ തേടിയ ആശുപത്രിയുടെ ഒപി ടിക്കറ്റ്, ബില്ലുകൾ, മരുന്നുകളുടെ ബില്ല്, വാഹനത്തിനുണ്ടായ കേടുപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ, ചെലവായ തുക എന്നിവ അപേക്ഷയ്ക്കൊപ്പം അയച്ചു നൽകിയാൽ മതിയാകും.
=അപേക്ഷ കമ്മിറ്റി പരിഗണിക്കുന്പോൾ അപേക്ഷകനെ ഒരു ദിവസത്തെ ഹിയറിംഗിനായി കൊച്ചിയിലേക്കു വിളിപ്പിക്കും.
=നേരിട്ടുതന്നെ പരാതികളും സംഭവങ്ങളും കമ്മിറ്റിയെ ധരിപ്പിക്കാം. പരാതി ന്യായമെന്നു കമ്മിറ്റിക്ക് ബോധ്യപ്പെട്ടാൽ ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിനു നോട്ടീസ് അയയ്ക്കും.
അവരുടെ ഭാഗംകൂടി കേട്ട ശേഷം ന്യായമായ നഷ്ടപരിഹാരം വിധിക്കും.