കുമരകം: ആഹാരം തേടി അലയുന്നതിനിടയിൽ പ്ലാസ്റ്റിക് ജാറിൽ അബദ്ധത്തിൽ തലയിൽ കുടുങ്ങി പട്ടിണിയിലായ നായയെ സാഹസികമായി പിടികൂടി രക്ഷപ്പെടുത്തിയത് അഞ്ചംഗ സംഘം.
ദിവസങ്ങൾക്ക് മുന്പാണ് കുമരകം ബസാർ യുപി സ്കൂൾ പരിസരത്തു പ്ലാസ്റ്റിക് ജാർ തലയിൽ കുടുങ്ങി ഭക്ഷണം കഴിക്കാൻ സാധിക്കാത്ത നിലയിൽ തെരുവുനായയെ കാണപ്പെട്ടത്.
അന്നുതന്നെ നായയുടെ ദുരവസ്ഥ ചൂണ്ടികാട്ടി നവമാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. പ്രദേശവാസികൾ പോലീസിലും ഫയർ ഫോഴ്സിലും അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.
നാട്ടുകാരായ പലരും നായയെ രക്ഷിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും നായ ഭയന്ന് ഒടിയിരുന്നതിനാൽ രക്ഷാപ്രവർത്തനം നിഷ്ഫലമാവുകയായിരുന്നു.
ഭക്ഷണം കഴിക്കാൻ സാധിക്കാത്തതിനാൽ നായയുടെ അവസ്ഥ കൂടുതൽ മോശമാവുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് ഇന്നലെ വൈകുന്നേരം രജിലേഷ്, മഹേഷ്, സുബിൻ, തന്പു, വാവ എന്നിവരുടെ ശ്രമഫലമായി നായയെ ചാക്കിട്ട് പിടികൂടി തലയിൽ കുടുങ്ങിയ പ്ലാസ്റ്റിക് ജാർ അറുത്തുമാറ്റി രക്ഷപെടുത്തിയത്.