ചെങ്ങന്നൂർ: നായയുടെ അത്ഭുതകരമായ ബുദ്ധി അതി ന്റെ ജീവൻ രക്ഷിച്ചു. മുളക്കുഴ , അരീക്കര , കാഞ്ഞിരം നിൽക്കുന്നതിൽ വിജയൻ – സൂര്യഗായത്രി ദമ്പതികളുടെ പുത്രനായ വ്യാസൻ കെ വിജയന്റെ (14) വിപദി ധൈര്യമാണ് നായയെ രക്ഷപ്പെടുത്താൻ സഹായിച്ചത്.
കഴിഞ്ഞ രാത്രി വീടിനു സമീപത്ത് നിന്നു നായയുടെ ഉച്ചത്തിലുള്ള കരച്ചിൽ വ്യാസൻ കേട്ടു.
മുളക്കുഴ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥിയായ വ്യാസൻ പിതൃ സഹോദരൻ ജെ. അജയനേയും കൂടി ടോർച്ചുമെടുത്ത് വീടിനു സമീപത്ത് അന്വേഷണം നടത്തി.
സമീപത്ത് കാട് പിടിച്ചു കിടക്കുന്ന പറമ്പിലെ പൊട്ട കിണറ്റിൽ നിന്നാണ് നായ് വിലപിക്കുന്നത് എന്ന് കണ്ടെത്തിയത്. ഈ സമയം ശക്തമായ മഴ പെയ്യുന്നുണ്ടായിരുന്നു .
സമീപത്തെ വീടിന്റെ ഏതാണ്ട് 30 വർഷത്തിലധികമായി ഉപയോഗശൂന്യമായി കിടക്കുന്ന കിണർ. കുപ്പിച്ചില്ലുകൾ ഉൾപെടെ എല്ലാത്തരം മാലിന്യങ്ങളും നിറഞ്ഞ് കിടക്കുകയായിരുന്നു. പ്രദേശമാകെ വർഷങ്ങളായി കാട് മൂടി കിടക്കുകയാണ്.
പക്ഷേ ഇറങ്ങി എടുക്കാനും കഴിയില്ല. സൈഡിലൊന്നും പിടിച്ചു നിൽക്കാൻ പറ്റുന്ന മരങ്ങളുമില്ല. സൈഡ് ഇടിഞ്ഞു വീഴുമോയെന്ന ഭയവും ഉണ്ട്.
കുരുക്ക് രക്ഷയാകുമോ?
എന്തായാലും കയറും റബ്ബർ കൊട്ടയും കൊണ്ടൊരു പാഴ്ശ്രമം നടത്തി.റബ്ബർ കുട്ട വെള്ളത്തിലേക്കു താഴാൻ സാധ്യത ഇല്ലാത്തതുകൊണ്ട് ശ്രമം വിജയിക്കില്ലെന്ന് അറിയാമായിരുന്നു.
അതു കഴിഞ്ഞ് കയർ കുരുക്കിട്ട് കിണറ്റിലേക്ക് ഇറക്കി. ശരീരത്തിലെവിടെയെങ്കിലും കുരുക്കിടാൻ കഴിഞ്ഞാൽ രക്ഷപ്പെടുത്താമെന്ന തോന്നൽ.
അതിലും ചില പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് അറിയാമായിരുന്നു. മാത്രവുമല്ല അബദ്ധത്തിൽ കഴുത്തിൽ കുരുക്ക് വീണുപോയാൽ എല്ലാം കഴിഞ്ഞു. ഇത്തിരി ആഴമുള്ള കിണറാണ്. അതിന്റെ ശരീരത്തിൽ കുരുക്കിടാൻ പല തവണ ശ്രമിച്ചു പരാജയപ്പെട്ടു.
പെട്ടെന്ന് ഇവരെ അദ്ഭുതപ്പെടുത്തി ആ കുരുക്കിട്ട ഭാഗത്ത് നായ കടിച്ചു പിടിച്ചു. ഒരു ഭാഗ്യപരീക്ഷണമെന്ന നിലയിൽ വ്യാസനും , അജയനും കൂടി കയർ മുകളിലോട്ടു വലിച്ചു.നായ കടി വിട്ടില്ല. വലിച്ചു കരയ്ക്കു കയറ്റി.
കിണറിന്റെ കരയ്ക്കു കിടത്തിയപ്പോൾ കടിക്കുമോ എന്ന ഭയം ഉണ്ടായിരുന്നു. എങ്കിലും നായയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിലുള്ള ചാരിതാർത്ഥ്യമാണ് വ്യാസന്.രക്ഷാ പ്രവർത്തനം അവസാനിച്ചപ്പോൾ പുലർച്ചെ ഒന്നരയായി.