നായകളെ സാധാരണയായി കാവലിനായിട്ടാണ് വളർത്തുന്നത്. ചിലർ വീടിനു പുറത്ത് അവയെ പാർപ്പിക്കുന്പോൾ ചിലർ വീടിനുള്ളിലായിരിക്കും നായകൾക്ക് സ്ഥാനം നൽകുക.
വില കൂടിയ നായകളെയായിരിക്കും പ്രത്യേക സൗകര്യത്തോടെ വീടിനുള്ളിൽ വളർത്തുക. എത്ര വലിയ നായയാണെങ്കിലും കരുതിക്കൂട്ടി വരുന്ന കള്ളന്മാരെ നേരിടുന്നതിൽ പരാജയപ്പെടാറുണ്ട്.
അത്തരമൊരു സംഭവമാണ് ബ്രിട്ടനിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. ഉടമയും മകളും കൂടി പുറത്തേക്ക് ഇറങ്ങിയ ഉടനെ കള്ളന്മാർ വീടിനുള്ളിൽ എത്തുകയായിരുന്നു.
പട്ടാപ്പകലാണ് കള്ളന്മാർ രണ്ടാംനിലയിലെ വാതിൽ ഇളക്കി അകത്ത് കയറിയത്. വീടിനുള്ളിൽ ഉണ്ടായിരുന്ന നായ കുരച്ച് ബഹളം വച്ചെങ്കിലും കള്ളന്മാർ അത് കാര്യമാക്കിയില്ല.
ആയുധങ്ങളുമായി എത്തുന്ന കള്ളന്മാരെ പേടിച്ച് നായ പിന്മാറുകയും ചെയ്തു. ഗോൾഡൻ റിട്രീവർ ഇനത്തിൽപ്പെട്ട നായയാണ് വീട്ടിലുണ്ടായിരുന്നത്.
ഉടമ തിരികെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സിസിടിവി പരിശോധിച്ചതിൽ നിന്നും മൂന്നു കള്ളന്മാരാണ് മോഷണം നടത്തിയതെന്ന് വ്യക്തമാക്കി.
കള്ളന്മാരെ ബഹളംവച്ച് നായ തടയാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. പണവും സ്വർണവും കള്ളന്മാർ കൊണ്ടുപോയെന്ന് ഉടമ പറഞ്ഞു.