കോഴിക്കോട്: അനുദിനം തെരുവുനായ്ക്കളുടെ അക്രമം കൂടിവരുന്നതോടെ പരിഹാരത്തിനു തലപുകച്ച് അധികൃതര്‍.
നായ്ക്കളുടെ വന്ധ്യംകരണത്തിന് കീ ഹോള്‍ ശസ്ത്രക്രിയ എന്ന ആശയം നടപ്പാക്കാനൊരുങ്ങുകയാണ് കോഴിക്കോട് കോര്പറേഷന്.
നിലവിലെ വന്ധ്യംകരണ ശസ്ത്രക്രിയകള്‍ സമയമെടുക്കുന്നതിനാലും വന്ധ്യംകരണം നടത്തിയ നായ്ക്കള്‍ പ്രസവിക്കുന്നെന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലുമാണ് ആധുനികവും ഫലപ്രദവുമായ കീഹോള്‍ ശസ്ത്രക്രിയയിലേക്ക് കോര്പറേഷന് ആരോഗ്യവിഭാഗം പോവുന്നത്.
ഇതിനായി എബിസി സെന്ററിലെ സര്ജന്മാരെ പരിശീലത്തിന് അയയ്ക്കും. രാജ്യത്ത് ഹരിയാനയിലെ ഗോര്‍ഗോണിലെ ആശുപത്രിയിലാണ് ഡോക്ടര്‍മാര്‍ക്ക് കീഹോള്‍ ശസ്ത്രക്രിയ പരിശീലനം നല്‍കുന്നത്.
ഒരു ഡോക്ടര്‍ക്ക് പരിശീലനത്തിന് മാത്രമായി 50,000 രൂപ ചെലവ് വരും. പരിശീലനത്തിനും ശസ്ത്രക്രിയ ഉപകരണങ്ങള്‍ക്കും വലിയ ചെലവ് വരുമെങ്കിലും ഇത്തരമൊരു ആധുനിക സംവിധാനം നടപ്പാക്കാനാണ് തീരുമാനമെന്ന് കോര്പറേഷന് ആരോഗ്യ വിഭാഗം പറഞ്ഞു.
നിലവില്‍ വെള്ളിമാടുകുന്ന് പൂളക്കടവിലാണ് കോര്‍പറേഷന്റെ ആനിമല്‍ ബര്‍ത്ത് കണ്ട്രോള് പ്രവര്‍ത്തിക്കുന്നത്. നാല് സര്ജന്മാരും ഒരു അനസ്തേറ്റിസ്റ്റുമാണ് ഇവിടുള്ളത്.
ദിവസം പതിനാല് നായകളെ വരെയാണ് വന്ധീകരണത്തിന് വിധേയമാക്കുന്നത്. സര്‍ജറി കഴിഞ്ഞാല്‍ നാലുദിവസംവരെ പരിചരണം വേണം.
അതിനുശേഷം നായകളെ എവിടെ നിന്നാണ് പിടിച്ചത് അവിടെ തന്നെ കൊണ്ടുവിടണം. കീ ഹോള്‍ ശസ്ത്രക്രിയയാണെങ്കില്‍ ഒരുദിവസം കൊണ്ടുതന്നെ നായകളെ പുറത്ത് വിടാനാവും.
സംസ്ഥാനത്ത് കോഴിക്കോട് കോര്‍പറേഷനാണ് ആദ്യമായി കീ ഹോള്‍ ശസ്ത്രക്രിയ നടപ്പാക്കാന്‍ ഒരുങ്ങുന്നത്.