വാഷിംഗ്ടണ്‍ ഡി സി: കഴിഞ്ഞ വർഷം അമേരിക്കയിലെ ആറായിരത്തിലധികം പോസ്റ്റൽ ജീവനക്കാർക്ക് നായയുടെ കടിയേറ്റതായി യുണൈറ്റഡ് പോസ്റ്റൽ സർവീസ് പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിൽ പറയുന്നു.
ഡോഗ് ബൈറ്റ് അവയർനസ് വീക്ക് ജൂണ്‍ 12 മുതൽ 18 വരെ ആചരിക്കുന്നതിന്റെ ഭാഗമായാണ് റിപ്പോർട്ട് .
അക്രമാസക്തരായ നായകളുടെ അക്രമണം പോസ്റ്റൽ ജീവനക്കാർക്ക് എന്നും ഭീഷണിയാണ്. ഗുരുതരമായി കടിയേറ്റവരുടെ എണ്ണവും വർധിച്ചു വരുന്നു. രാജ്യത്തെ സിറ്റികളിൽ ഏറ്റവും കൂടുതൽ ജീവനക്കാർക്ക് കടിയേറ്റത് ഹൂസ്റ്റണിലാണ് (73).
അമേരിക്കയിലെ തന്നെ ഏറ്റവും വലിയ സംസ്ഥാനമായ കലിഫോർണിയായിൽ 782 ജീവനക്കാർ അക്രമിക്കപ്പെട്ടു. ന്യുയോർക്ക് സംസ്ഥാനം നായയുടെ അക്രമണത്തിൽ നാലാം സ്ഥാനത്താണ് (295).
കടിയേറ്റ ജീവനക്കാർ അവരുടെ ക്ലെയിം മേലധികരിക്കു സമർപ്പിച്ചതിന്റെ കണക്കുകളാണ് ഇത്. റിപ്പോർട്ട് ചെയ്യപ്പെടാത്ത കേസുകൾ ഇതിനുപുറമെയാണ്.
നായയുടെ ആക്രമണത്തെക്കുറിച്ചു ജീവനക്കാരെ ബോധവൽക്കരിക്കുന്നതിനും, സുരക്ഷിതമായി എങ്ങനെ മെയിൽ വിതരണം ചെയ്യാമെന്നും ഈ ദിവസങ്ങളിൽ പ്രത്യേക ക്ലാസുകൾ സംഘടിപ്പിക്കുമെന്നും ഹെൽത്ത് അവയർനസ് മാനേജർ ജെയ്മി സിറവല്ലാ പറഞ്ഞു.
നായയുടെ ഉടമസ്ഥനും ഇത്തരം സംഭവങ്ങൾ ഒഴിവാക്കുന്നതിനുള്ള മുൻ കരുതലുകൾ സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ