കുമരകം: മരണാസന്ന നിലയിൽ കിടന്ന നായയുടെ ജീവൻ സംരക്ഷിക്കാൻ പരിശ്രമിച്ചു. ഫലമോ നവ മാധ്യമങ്ങളിലൂടെ അപകീർത്തി.
കുമരകം റോഡിൽ കോണത്താറ്റു പാലത്തിനുസമീപം വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു കിടന്ന തെരുവുനായയെ മൃഗാശുപത്രിയിൽ എത്തിച്ച പഞ്ചായത്തംഗങ്ങളായ ദിവ്യാ ദാമോധരനും മറ്റൊരു അംഗമായ ജോഫി ഫെലിക്സിയുമാണ് അധിക്ഷേപം നേരിടുന്നത്.
കഴിഞ്ഞ ചൊവാഴ്ച്ചയാണു വാഹനം ഇടിച്ച് വയറിനു പരിക്കേറ്റ് കുടൽമാല പുറത്ത് വന്ന നിലയിൽ മണിക്കൂറുകൾ റോഡിൽ കിടന്ന നായയെ വിവരമറിഞ്ഞെത്തിയ പഞ്ചായത്തംഗങ്ങൾ കോടിമതയിലുള്ള ജില്ലാ മൃഗാശുപത്രിയിൽ എത്തിച്ചത്.
തുടർന്ന് സ്ഥലത്തെത്തിയ മൃഗസ്നേഹികളുടെ സംഘടനാ പ്രവർത്തകൻ ജോബിൻ നായയുടെ സംരക്ഷണ ചുമതല ഏറ്റെടുക്കാമെന്നും ഇതിനായി പതിനായിരം രൂപ ആവശ്യപ്പെടുകയും ചെയ്തുവെന്ന് പഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു.
തങ്ങൾക്ക് ഇത്രയും വലിയ തുക നൽകാവില്ലെന്നും മരുന്നുകൾക്കുവേണ്ടി വരുന്ന ചെലവ് വഹിക്കാൻ തയാറാണെന്നും അറിയിച്ചു മടങ്ങി.
തുടർന്നു വൈകുന്നേരത്തോടെ പഞ്ചായത്ത് അംഗങ്ങൾക്കെതിരേ വിവിധ സമൂഹമാധ്യമ കൂട്ടയ്മകളിൽ ജോബിൻ പോസ്റ്റിടുകയായിരുന്നുവെന്ന് ഇരുവരും പറയുന്നു.
മരണാസന്ന നിലയിൽ കിടന്ന നായയുടെ ജീവൻ സംരക്ഷിക്കാൻ പരിശ്രമിച്ച തന്നെ നവ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് കാണിച്ച് കുമരകം 12-ാം വാർഡ് വനിതാ മെന്പർ ദിവ്യ ദാമോദരൻ കുമരകം പോലീസിൽ പരാതി നൽകി.