പത്തനംതിട്ട: യൂത്ത് കോണ്ഗ്രസ് വനിതാ നേതാവിനെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിക്കാനും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനും അമ്മയ്ക്കും എതിരേ ഇലവുംതിട്ട പോലീസ് കേസെടുത്തു.
ഇലവുംതിട്ട, നെടിയകാല, രവി നിവാസിൽ അശോകൻ രവീന്ദ്രൻ (33), മാതാവ് മീനാക്ഷി (75) എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇലവുംതിട്ട, മുടവനാൽ വീട്ടിൽ ആര്യ രമേശാണ് പരാതിക്കാരി.
ബുധനാഴ്ച രാവിലെ 7.30നാണ് കേസിനാസ്പദമായ സംഭവം. യൂത്ത് കോണ്ഗ്രസ് മെഴുവേലി മണ്ഡലം വൈസ് പ്രസിഡന്റ്് കൂടിയായ ആര്യ തന്റെ വീടു പണി നടക്കുന്ന സ്ഥലത്തേക്കുള്ള വഴിയിൽ അയൽവാസിയായ അശോകൻ, മീനാക്ഷി എന്നിവർ കരിങ്കല്ലുകൾ വച്ച് തടസപ്പെടുത്തിയ വിവരം അറിഞ്ഞ് കല്ലുകൾ നീക്കം ചെയ്യാൻ എത്തിയതായിരുന്നു.
ഇതു കണ്ട പ്രതികൾ പരാതിക്കാരിയെ മോശമായ ഭാഷയിൽ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്പിക്കാൻ ശ്രമിക്കുകയും തുടർന്ന് കൂട്ടിൽ കിടന്ന രണ്ട് പട്ടികളെ അഴിച്ചു കൊണ്ടു വന്നു കടിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.
പരാതിക്കാരിയെ ആക്രമിക്കാനായി കടന്നു പിടിച്ച ഒന്നാം പ്രതി പരാതിക്കാരിയുടെ വസ്ത്രങ്ങൾ വലിച്ചു കീറിയതായും പരാതിയിൽ പറയുന്നു.
പ്രതികൾ സൃഷ്ടിച്ച ഭീകരാന്തരീക്ഷത്തിലും അപ്രതീക്ഷിതമായ ആക്രമണത്തിലും ഭയന്നു പോയ പരാതിക്കാരി പെട്ടന്നു തന്നെ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട് ഇലവുംതിട്ട പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിക്കുകയായിരുന്നു.
വഴി സംബന്ധമായ തർക്കം അയൽവാസികളായ പരാതിക്കാരിയും പ്രതികളും തമ്മിൽ നിലനിൽക്കുന്നുണ്ടെന്നും ഇലവുംതിട്ട പോലീസ് പറഞ്ഞു.
ഇതേത്തുടർന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്. പ്രതികളെ കസ്റ്റഡിയിൽ എടുത്ത പോലീസ് പ്രതികൾക്കെതിരേ വിവിധ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.