കോട്ടയം: ഏഴു വർഷം മുന്പ് എട്ടു ലക്ഷം രൂപ മുടക്കി പാലായിൽ നഗരസഭ ഒരു പട്ടിക്കൂട് നിർമിച്ചു.
നഗരത്തിലും പരിസരപ്രദേശത്തുമായി അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന അന്പതോളം നായ്ക്കളെ പിടികൂടി ചെറുതും വലുതുമായ 25 കൂടുകളിലായി ഭക്ഷണം നൽകി പാർപ്പിച്ചു.
ഇതോടെ പാലായിലെ തെരുവുനായ ശല്യത്തിനു ഒരുപരിധി വരെ പരിഹാരമാകുകയും ചെയ്തു.
ഇപ്പോൾ തെരുവുനായ ശല്യം രൂക്ഷമാകുകയും ദിനം പ്രതി ആളുകൾ നായയുടെ കടിയേൽക്കുകയും ചെയ്യുന്പോൾ നായ്ക്കളുടെ സംരക്ഷണത്തിനായി സ്ഥാപിച്ച ഡോഗ് പാർക്ക് നാശത്തിന്റെ വക്കിൽ.
പാലാ നഗരത്തിലും നഗര പ്രദേശങ്ങളിലും തെരുവുനായശല്യം രൂക്ഷമായപ്പോൾ അന്നത്തെ മുനിസിപ്പൽ ചെയർമാൻ കുര്യാക്കോസ് പടവന്റെ നേതൃത്വത്തിലാണ് ു ഡോഗ് പാർക്ക് തുടങ്ങിയത്.
എട്ടുലക്ഷം രൂപ മുടക്കി മാർക്കറ്റിനു സമീപമുള്ള വെറ്ററിനറി ആശുപത്രിയോടു ചേർന്നാണ് നായ്ക്കൾക്ക് കൂടൊരുക്കിയത്.
ചെറുതും വലുതുമായ 25 കൂടുകളിലായി അന്പതോളം നായ്ക്കളെ വന്ധ്യംകരിച്ച് ഭക്ഷണം നൽകി സംരക്ഷിക്കുന്നുണ്ടായിരുന്നു.
നഗരസഭയിൽനിന്ന് ഒരു തൊഴിലാളിയെ ഇതിന്റെ മേൽനോട്ടത്തിനായും നിയോഗിച്ചു. മാലിന്യ സംസ്കരണത്തിന് പ്രത്യേക സംവിധാനവുമുണ്ടായിരുന്നു.
നായ്ക്കള എന്നും കുളിപ്പിച്ച് നല്ല ഭക്ഷണം കൊടുത്താണ് സംരക്ഷിച്ചിരുന്നത്. ഈ സമയത്ത് നഗരസഭാ പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം കുറഞ്ഞിരുന്നു.
എന്നാൽ ഒരു വർഷം കഴിഞ്ഞതോടെ ഡോഗ് പാർക്കിനെ നഗരസഭ അവഗണിക്കുകയും ഒടുവിൽ നായ്ക്കളെ തുറന്നുവിടുകയും ചെയ്തു. ഇതിനിടെ കുറച്ചു നായ്ക്കൾ ചത്തുപോകുകയും ചെയ്തു.
എബിസി പദ്ധതി പ്രകാരം നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കാൻ മാത്രമേ നിയമമുള്ളൂവെന്നും സംരക്ഷിക്കാൻ നിയമം അനുവദിക്കുന്നില്ലെന്നുള്ള കാരണത്താലാണ് പിന്നീടു വന്ന നഗരസഭാ ഭരണസമിതി ഡോഗ് പാർക്കിനെ ഉപേക്ഷിച്ചത്.
നായകളെ സംരക്ഷിക്കാൻ നിർമിച്ച കൂടുകൾ ഇപ്പോൾ തുരുന്പെടുത്ത് നശിക്കുകയാണ്. മഴയും വെയിലുമേറ്റ് കൂടുകൾ ഏതാണ്ട് മുഴുവൻ തുരുന്പെടുത്തുകഴിഞ്ഞു.
കന്പികൾ പലയിടത്തും ദ്രവിച്ചു തീർന്ന നിലയിലാണ്. ലക്ഷക്കണക്കിനു രൂപ മുതൽ മുടക്കി തുടങ്ങിയ ഡോഗ് പാർക്ക് നായ്ക്കളെ സംരക്ഷിക്കാൻ നിയമം അനുവദിക്കുന്നില്ലെങ്കിൽ എബിസി പദ്ധതി നടപ്പാക്കാനെങ്കിലും ഉപയോഗിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.
എന്നാൽ നിയമവശങ്ങൾ പരിശോധിച്ച് വേണ്ട തീരുമാനം എടുക്കാമെന്ന നിലപാടിലാണ് നഗരസഭ.