പയ്യന്നൂര്‍: നായകളെയും മറ്റുവളര്‍ത്തുമൃഗങ്ങളെയും പോറ്റാം, പക്ഷേ അത് മറ്റുള്ളവര്‍ക്ക് ദ്രോഹമാകരുത്.
വളര്‍ത്തുമൃഗങ്ങള്‍ മറ്റുള്ളവര്‍ക്ക് ദ്രോഹമായാല് പുലിവാല് പിടിക്കേണ്ടിവരിക ഉടമസ്ഥനായിരിക്കും.
ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉടമസ്ഥര്‍ കൈമലര്‍ത്തുകയാണ് പതിവെങ്കിലും നിയമ നടപടികളില്‍നിന്ന് ഉടമകള്‍ക്ക് ഒഴിഞ്ഞുമാറാനാകില്ല.
അഴിച്ചുവിട്ട വളര്‍ത്തുനായ ഉണ്ടാക്കിയ അപകടത്തിനും നാശനഷ്ടങ്ങള്‍ക്കുമെതിരെ നല്കിയ പരാതിയില്‍ നായയുടെ ഉടമസ്ഥനെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.
പയ്യന്നൂര്‍ കൊക്കാനിശേരിയിലെ ശ്വേത അശോകിന്റെ പരാതിയിലാണ് കൊക്കാനിശേരി സ്വദേശിയായ ഉടമയ്ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
കഴിഞ്ഞ മാസം 12നാണ് സംഭവം. പരാതിക്കാരിയായ ശ്വേത ഭര്‍ത്താവുമൊത്ത് സ്കൂട്ടറില്‍ സഞ്ചരിക്കവെയാണ് കൊക്കാനിശേരി സ്വദേശിയായ ഉടമ അഴിച്ചുവിട്ട വളര്‍ത്തുനായ ഇവരുടെ സ്കൂട്ടറിന് നേരെ പാഞ്ഞടുത്തത്.
പരാതിക്കാരിയുടെ വസ്ത്രം കടിച്ചുവലിച്ചതിനെ തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേല്‍ക്കുകയും സ്കൂട്ടറിനും അതിലുണ്ടായിരുന്ന ലാപ്ടോപ്പിനും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
ഈ സംഭവത്തിലാണ് വളര്‍ത്തുമൃഗത്തെ അശ്രദ്ധമായി അഴിച്ചുവിട്ട് ബോധപൂര്‍വമായ അപകടം വരുത്തി വച്ചതിന് നായയുടെ ഉടമസ്ഥനെതിരെ കേസെടുത്തത്.