കൊല്ലങ്കോട്: റോഡു മുറിച്ചുകടന്ന പട്ടിക്കുഞ്ഞിനെ ടിപ്പറിടിച്ചു കൊന്ന സംഭവം സ്ഥലത്തുണ്ടായിരുന്നവർക്കും അതുവഴിയെത്തിയ വാഹനയാത്രക്കാർക്കും നൊന്പര കാഴ്ചയായി.
കൊല്ലങ്കോട് ടൗണിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ വട്ടേക്കാട് ജംഗ്ഷനു സമീപത്താണ് സംഭവം.
രണ്ടുമാസം പ്രായം തോന്നിക്കുന്ന പട്ടിക്കുഞ്ഞ് റോഡ് മുറിച്ച് കടക്കുന്നതു കണ്ട് അതുവഴിയെത്തിയ കാർ ഉൾപ്പെടെ ഇരുചക്രവാഹനങ്ങൾ നായക്കുട്ടിയെ നോന്പരപ്പെടുത്താതെ ഇരുവശത്തു കൂടി സഞ്ചരിച്ചു.
എന്നാൽ ഈ സമയത്ത് കരിങ്കുളം ഭാഗത്തു നിന്നും ചീറിപ്പാഞ്ഞു വന്ന ടിപ്പർ നായകുടിയുടെ ദേഹത്ത് ഇടിച്ചു കയറി ഒന്നും സംഭവിക്കാത്ത മട്ടിൽ പോവുകയും ചെയ്തു.
സ്ഥലത്തുണ്ടായിരുന്നവരിൽ മ്യഗസ്നേഹിയായ മധ്യവയസ്ക്കൻ ടിപ്പറിനെ കൈകാണിച്ചെങ്കിലും ഡ്രൈവർ അതിവേഗം മുന്നോട്ടു പോവുകയും ചെയ്തു.
നിമിഷത്തിനകം ചത്തകുട്ടി നായയുടെ നൊന്തു പ്രസവിച്ച അമ്മ പട്ടി സ്ഥലത്തെത്തി വിഷമം പങ്കിട്ടതു മനുഷ്യത്വമുള്ള മനസുകളെ അക്ഷാരാർത്ഥത്തിൽ തളർത്തുകയായിരുന്നു.
ചത്ത കുഞ്ഞിന്റെ സമീപത്തു റോഡിൽ തന്നെ ഒന്നു ഒച്ചവെയ്ക്കാൻ പോലും കഴിയാതെ തളർന്നു കിടക്കുകയാണുണ്ടായത്. ഈ സമയത്തെല്ലാം അതുവഴി വന്ന വാഹനങ്ങൾ വഴി മാറിപ്പോവുകയായിരുന്നു.
വാഹനങ്ങൾ ദേഹത്തു കയറാതിരിക്കാൻ അമ്മപ്പട്ടിയെ കല്ലെടുത്തു വേദനക്കാത്ത വിധം എറിഞ്ഞു തുരുത്താൻ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നുമില്ലാതെ റോഡിൽ തലവെച്ച് പത്തു മിനിറ്റോളം കിടന്നു.
ഇതെല്ലാം കണ്ടു നിന്നവർ മൊബൈലിൽ ആരെയോ വിളിച്ച് ടിപ്പർ ഡ്രൈവറെ കണ്ടുപിടിച്ച് പോലീസ് നടപടിക്ക് ആവശ്യപ്പെടുന്നുണ്ടായിരുന്നു.