തലയോലപ്പറന്പ്: തെരുവുനായയുടെ കടിയേറ്റ് സ്കൂൾ വിദ്യാർഥിക്ക് പരിക്കേറ്റു. മറവൻതുരുത്ത് കിഴക്കെ ആട്ടിൻകൂട്ടിൽ വീട്ടിൽ സാബുവിന്റെ മകൻ ആരോമലി (16)നെയാണ് തെരുവ് നായ ആക്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ചെന്പ് മത്തുങ്കൽ പാലത്തിന് സമീപത്തുകൂടി നടന്നു പോകുന്നതിനിടയിലായിരുന്നു തെരുവുനായയുടെ ആക്രമണം.
തലയോലപ്പറന്പ് ഗവണ്മെന്റ് ബോയ്സ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് ആരോമൽ. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ വൈക്കം താലൂക്ക് ഗവണ്മെന്റ് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തലയോലപ്പറന്പ് , മറവൻതുരുത്ത് , വെള്ളൂർ പഞ്ചായത്തുകളിലും സമീപ പ്രദേശങ്ങളിലും ആക്രമണകാരികളായ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. കഴിഞ്ഞ മാസം 25 ന് കീഴൂർ ജാതിക്കാമലയിൽ ഒറ്റക്കുന്നേൽ മത്തായിയുടെ രണ്ട് ആടുകളെയും മലയിൽ ജോണിന്റെ രണ്ട് ആടുകളെയും തെരുവുനായ്ക്കൾ കടിച്ച് കീറികൊന്നിരുന്നു. രണ്ടാഴ്ച്ച മുൻപ് അക്രമകാരികളായ തെരുവുനായ്ക്കൾ അറുന്നൂറ്റിമംഗലം പാന്പാനിയിൽ പാപ്പച്ചന്റെ രണ്ട് ആട്ടിൻ കുട്ടികളെ കടിച്ച് കൊന്നിരുന്നു.
ഏതാനും മാസം മുൻപാണ് തലയോലപ്പറന്പ് ഏ.ജെ ജോണ് സ്കൂകൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയെ നായക്കൂട്ടം ആക്രമിച്ച് പരിക്കേൽപ്പിച്ചത്. തലയോലപ്പറന്പിലെയും പരിസര പ്രദേശങ്ങളിലേയും നിരവധി വളർത്തു മൃഗങ്ങളെ തെരുവുനായ്ക്കൾ കടിച്ചു കൊന്നിരുന്നു.
തെരുവുനായക്കൂട്ടം റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് കഴിഞ്ഞ ആറ് മാസത്തിനിടെ എട്ടോളം ഇരുചക്രവാഹന യാത്രികർക്ക് ഗുരുതരമായിപരിക്കേറ്റു. പഞ്ചായത്തുകളിൽ ആനിമൽ ബർത്ത് കണ്ട്രോൾ പ്രോഗ്രാം (എ. ബി. സി) നടക്കാത്തതാണ് നായ ശല്യം രൂക്ഷമാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.