ദോഹ: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ എന്ന ഇന്ത്യൻ പ്രതീക്ഷ അവസാനിച്ചു. ദോഹയിലെ ഖലീഫ സ്റ്റേഡിയത്തിൽ നടന്ന 4×400 മീറ്റർ മിക്സഡ് റിലേ ഫൈനലിൽ ഏഴാമതായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ഇന്ത്യൻ സമയം പുലർച്ചെ 1.05ന് നടന്ന ഫൈനലിൽ ഈ സീസണിലെ ഏറ്റവും മികച്ച സമയത്തിലാണ് ഇന്ത്യ ഫിനിഷ് ചെയ്തത്.
അമേരിക്കയ്ക്കാണ് റിക്കാർഡ് നേട്ടത്തോടെ സ്വർണം. നേരത്തെ, പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ എം.പി.ജാബിർ സെമിയിൽ പുറത്തായതിനും വനിതകളുടെ 100 മീറ്റർ ആദ്യ റൗണ്ടിൽ ദ്യുതി ചന്ദ് പുറത്തായതിനും ശേഷമായിരുന്നു ഇന്ത്യക്ക് പ്രതീക്ഷ പകർന്ന 4×400 മിക്സഡ് റിലേ ഫൈനൽ പ്രവേശം.
അമേരിക്ക സ്വർണം നേടിയപ്പോൾ ജമൈക്ക വെള്ളിയും ബെഹ്റിൻ വെങ്കലവും നേടി. മുഹമ്മദ് അനസ്, വി.കെ. വിസ്മയ, ജിസ്ന മാത്യു, നോഹ് നിർമൽ ടോം എന്നീ മലയാളികളായിരുന്നു ഫൈനലിൽ ഇന്ത്യക്കായി അണിനിരന്നത്.