
ഷിക്കാഗോ: വീട്ടിൽ വളർത്തിയിരുന്ന മൂന്നു ഫ്രഞ്ച് ബുൾഡോഗുകളിൽ ഒന്നിന്റെ ആക്രമണത്തിൽ അൻപത്തിരണ്ടുകാരി ലിസ അർസൊവിന് ദാരുണാന്ത്യം.
55 പൗണ്ടോളം ഭാരമുള്ള നായ ശരീരമാസകലവും കഴുത്തിനും കാര്യമായി പരുക്കേൽപിച്ചിരുന്നതായി ലേക്ക് കൗണ്ടി കൊറോണർ ഡോ. ഹൊവാർഡ് കൂപ്പർ പറഞ്ഞു.
കഴിഞ്ഞ വാരാന്ത്യമാണു താമസിച്ചിരുന്ന വീട്ടിൽ അബോധാവസ്ഥയിൽ രക്തം വാർന്നൊലിക്കുന്ന ഇവരെ കണ്ടെത്തിയത്. സംഭവ സ്ഥലത്തു വച്ചു തന്നെ ഇവർ മരിച്ചിരുന്നതായി അധികൃതർ പറഞ്ഞു. മരണം നായയുടെ ആക്രമണമാണെന്ന് സ്ഥിരീകരിച്ചശേഷമാണ് വിവരം മേയ് 14ന് മാധ്യമങ്ങൾക്കു നൽകിയത്.

ഫ്രഞ്ച് ബുൾഡോഗ് അക്രമാസക്തമാകുന്നത് സാധാരണയാണെന്നും ഇതിനു മുൻപു ലിസയുടെ ബോയ് ഫ്രണ്ടിനെ ഇത് ആക്രമിച്ചിരുന്നുവെന്നും തുടർന്ന് കൗണ്ടി അനിമൽ കെയർ ആന്റ് കണ്ട്രോളിന്റെ കസ്റ്റഡിയിലായിരുന്നുവെന്നും കൗണ്ടി അധികൃതർ പറഞ്ഞു.
എന്നാൽ ലിസ ഇതിനെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ടതിനെ തുടർന്ന് നായയെ ഇവരെ ഏൽപിക്കുകയായിരുന്നു. നായ ആക്രമണ സ്വഭാവമുള്ളതാണോ എന്നു തീരുമാനിക്കുന്നത് അനിമൽ കണ്ട്രോൾ എജൻസിയാണ്.
ശക്തമായ താടിയെല്ലും പല്ലുകളുമുള്ള ഫ്രഞ്ച് ബുൾഡോഗുകളുമായി ഇടപഴകുന്പോൾ വളരെ ശ്രദ്ധിക്കണമെന്ന് എജൻസി നിർദേശിച്ചിട്ടുണ്ട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ