കാൻബറ: ഓസ്ട്രേലിയൻ ഡോളർ നോട്ടിൽ അച്ചടിപ്പിശക്. കഴിഞ്ഞ ഒക്ടോബർ 18 മുതൽ പ്രചാരത്തിലുള്ള 50 ഡോളർ നോട്ടിലാണ് അച്ചടിപ്പിശക് കണ്ടെത്തിയിരിക്കുന്നത്. ട്രിപ്പിൾ എം എന്ന റേഡിയോ ചാനലാണ് ട്വിറ്റർ അകൗണ്ടിലൂടെ ഈ വിവരം പുറത്ത് വിട്ടത്. ഓസ്ട്രേലിയൻ റിസർവ് ബാങ്കും വീഴ്ച സമ്മതിച്ചു.
റേഡിയോ സ്റ്റേഷന്റെ പ്രഭാത പരിപാടിയിലേക്ക് വിളിച്ച ശ്രോതാവാണ് നോട്ടിലെ അക്ഷരത്തെറ്റിനെ പറ്റി ആദ്യമായി സൂചിപ്പിച്ചത്. സംഭവം ശരിയാണെന്ന് ബോധ്യപ്പെട്ടതോടെ റേഡിയോ ചാനലാണ് ട്വിറ്റർ അകൗണ്ടിലൂടെ വിവരം പുറത്തുവിടുകയായിരുന്നു.
ഓസ്ട്രേലിയൻ സാമൂഹിക പരിഷ്കർത്താവായിരുന്ന എഡിത് കോവന്റെ ചിത്രം 50 ഡോളർ നോട്ടീന്റെ പിന്നിലായി 1955 മുതൽ അലേഖനം ചെയ്തുവരുന്നുണ്ട്. ചിത്രത്തിനൊപ്പം ഇവരുടെ പ്രസംഗത്തിന്റെ ഭാഗവും ഡോളറിൽ നൽകിയിട്ടുണ്ട്. ഈ പ്രസംഗത്തിലുള്ള “റെസ്പോൺസിബിലിറ്റി’ എന്ന വാക്കിലാണ് പിശക് സംഭവിച്ചത്. ഈ വാക്കിൽ “എല്ലി’നും “ടി’ക്കുമിടയിൽ വരേണ്ട “ഐ’ എന്ന അക്ഷരം ഉൾപ്പെടുത്തിയിട്ടില്ല.
ഓസ്ട്രേലിയയിൽ നിലവിൽ പ്രചാരത്തിലുള്ള നോട്ടുകളിൽ 46 ശതമാനവും 50 ഡോളർ നോട്ടുകളാണ്. നോട്ടിലെ അക്ഷരത്തെറ്റ് ശ്രദ്ധയിൽ വന്നിട്ടുണ്ടെന്നും അടുത്ത പ്രിന്റിൽ തിരുത്തുമെന്നും റിസർവ് ബാങ്ക് വക്താവ് അറിയിച്ചു. എന്നാൽ തെറ്റുവന്ന നോട്ടുകൾ പിൻവലിക്കാൻ ഇതുവരെ ഓസ്ട്രേലിയൻ ആർബിഐ ഇതുവരെ തീരുമാനിച്ചിട്ടില്ല.