വടകര: അഞ്ചര ലക്ഷം രൂപയുടെ അമേരിക്കൻ ഡോളർ പോലീസ് റാഞ്ചിയെന്ന ഇല്ലാക്കഥ മെനഞ്ഞ സംഭവത്തിൽ രണ്ടു പേർ പിടിയിൽ. കാസർകോട് മഞ്ചേശ്വരം സ്വദേശികളായ മുഹമ്മദ് അസ്കർ, മുഹമ്മദ് അർഷാദ് എന്നിവരെയാണ് വടകര ഡിവൈഎസ്പി പി.പി. സദാനന്ദനും സംഘവും അറസ്റ്റ് ചെയ്തത്. കാസർകോട് മഞ്ചേശ്വരത്തെ മണി എക്സ്ചേഞ്ച് സ്ഥാപന ഉടമ റസാഖിന്റെ പണമാണ് ഇയാളുടെ ജീവനക്കാരായ പ്രതികൾ സൂത്രത്തിൽ സ്വന്തമാക്കാൻ ശ്രമിച്ചത്.
കാറിൽ സഞ്ചരിക്കുന്പോൾ വടകര മേഖലയിൽവച്ച് പോലീസുകാർ പണം പിടിച്ചെടുത്തുവെന്നാണ് ഇവർ മണി എക്സ്ചേഞ്ച് സ്ഥാപന ഉടമയെ അറിയിച്ചത്. എന്നാൽ ഇത് ഇരുവരും ചേർന്ന് മെനഞ്ഞുണ്ടാക്കിയ കഥയാണെന്ന് വ്യക്തമായി. ഗൾഫിലേക്ക് പോവുകയായിരുന്ന മറ്റൊരു യുവാവിന്റെ കൈവശമാണ് അഞ്ചര ലക്ഷം രൂപ വില വരുന്ന 7500 യുഎസ് ഡോളർ റസാഖ് കൈമാറിയത്.
നിയമപരമായി തന്നെ റസാഖ് ഇങ്ങനെ വിദേശ കറൻസികൾ കൊടുത്തു വിടാറുണ്ട്. കരിപ്പൂരിലേക്ക് യുവാവും സുഹൃത്തുക്കളായ പ്രതികളും കാറിൽ യാത്ര ചെയ്യുന്പോൾ ചോന്പാല പോലീസ് സ്റ്റേഷൻ പരിധിയിൽവച്ച് തെരഞ്ഞെടുപ്പ്ഡ്യൂട്ടിയിലുണ്ടാ യിരുന്ന പോലീസുകാർ വാഹനം തടഞ്ഞ് ഡോളർ പിടിച്ചെടുത്തെന്നാണ് പ്രതികൾ റസാഖിനോടു പറഞ്ഞത്. സ്ഥാപന ഉടമ അടുത്ത ദിവസം തന്നെ വടകര ഡിവൈഎസ്പിക്കു പരാതി നൽകുകയായിരുന്നു.
പോലീസുകാരുമായി ബന്ധപ്പെട്ടപ്പോൾ അങ്ങനെയൊരു സംഭവം നടന്നില്ലെന്നു ഡിവൈഎസ്പിക്കു ബോധ്യമായി. തുടർന്ന് യുവാക്കളെ ചോദ്യം ചെയ്തപ്പോഴാണ് പണം ഇവർ തന്നെ തട്ടിയെടുത്തതാണെന്നു വ്യക്തമായത്. അമേരിക്കൻ ഡോളർ പോലീസ് കണ്ടെടുത്തു. ഗൾഫിലേക്ക് പോയ യുവാവിന് സംഭവവുമായി ബന്ധമുണ്ടോ എന്നു പോലീസ് പരിശോധിക്കുന്നുണ്ട്.