മുംബൈ: സെപ്റ്റംബറോടെ ഡോളർവില 80 രൂപയിൽ എത്തുമെന്നു പ്രവചനം. റോയൽ ബാങ്ക് ഓഫ് കാനഡയുടെ റിപ്പോർട്ടിലാണ് പ്രവചനം.ഡോളർ 71 രൂപയ്ക്കു താഴെ നിൽക്കുന്പോഴാണ് പ്രവചനം. ഇതനുസരിച്ച് ആറേഴു മാസംകൊണ്ട് രൂപയ്ക്ക് 12 ശതമാനം ഇടിവുണ്ടാകണം.
റിസർവ് ബാങ്കിന്റെ നയസമീപനങ്ങളാണ് രൂപയ്ക്കു ക്ഷീണം വരുത്തുന്നതെന്നു റിപ്പോർട്ടിൽ പറയുന്നു. പലിശനിരക്ക് കുറച്ച് സാന്പത്തികവളർച്ച വേഗത്തിലാക്കാനാണ് ഗവർണർ ശക്തികാന്തദാസ് ശ്രമിക്കുന്നത്. കഴിഞ്ഞ ത്രൈമാസത്തിലെ വളർച്ച കുറവായതു പലിശകുറയ്ക്കൽ നീക്കം വേഗത്തിലാക്കാൻ ദാസിനെ പ്രേരിപ്പിച്ചേക്കും. നിരക്ക് കുറയ്ക്കൽ കാൽ ശതമാനമായിരിക്കില്ല എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
പലിശകുറയ്ക്കലും ഉയർന്ന ബജറ്റ് കമ്മിയും രൂപയ്ക്കു പ്രതികൂലമാണെന്നു റിപ്പോർട്ട് തയാറാക്കിയ സ്യൂട്രിൻഹ് വിലയിരുത്തി. തെരഞ്ഞെടുപ്പിനെച്ചൊല്ലിയുള്ള അനിശ്ചിതത്വവും പാക്കിസ്ഥാനുമായുള്ള പ്രശ്നങ്ങളും രൂപയ്ക്ക് അനുകൂലമല്ല.