വീട്ടിലെ കുസൃതിക്കുടുക്കകളാണു കുഞ്ഞുങ്ങള്‍. അവരുടെ അനക്കമൊന്നും കേള്‍ക്കാതിരുന്നാല്‍ മാതാപിതാക്കള്‍ അപ്പോഴേ അന്വേഷിക്കും.
മിക്കവാറും എന്തെങ്കിലും കുരുത്തക്കേട് ഒപ്പിക്കുകയാവും അവർ. അങ്ങനെയൊരു കുസൃതി ഒപ്പിച്ചിരിക്കുകയാണ് എസ്മെ എന്ന കുഞ്ഞ്.
ചിരിക്കണോ കരയണോ
വിക്ടോറിയ ഇന്‍ഹാം എന്ന അമ്മ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന പോസ്റ്റിലുണ്ട് മകള്‍ എസ്മെ ഒപ്പിച്ച വികൃതി. അതു കണ്ടിട്ട് ഞാന്‍ കരയണോ ചിരിക്കണോ എന്ന അവസ്ഥയിലായിപ്പോയെന്നാണ് വിക്ടോറിയ പറയുന്നത്.
കുഞ്ഞ് എസ്മെ അവളുടെ പ്രിയപ്പെട്ട രണ്ട് പാവകള്‍ക്കൊപ്പം കളിക്കുന്നതു കണ്ടിട്ടാണ് വിക്ടോറിയ താഴത്തെ നിലയിലേക്ക് ഇറങ്ങിപ്പോന്നത്.
കുറെ നേരമായിട്ടും കുഞ്ഞിന്റെ അനക്കമൊന്നും കേള്‍ക്കാത്തതിനാല്‍ എന്തു പറ്റിയെന്നറിയാനാണ് മുകളിലത്തെ നിലയിലെത്തിയത്. അപ്പോഴും അവള് പാവകള്‍ക്കൊപ്പം കളിക്കുകയായിരുന്നു.
പാവയെ ഒന്നു സുന്ദരിയാക്കിയതാ
അവള് കളിച്ചോട്ടെ എന്നു കരുതി തിരികെ പോരാന്‍ ഒരുങ്ങുമ്പോഴാണ് വിക്ടോറിയ ആ കാഴ്ച കണ്ടത്. എസ്മെയുടെ കയ്യിലൊരു കത്രിക, നിലത്ത് എന്തോ കടലാസ് കഷണങ്ങള്‍. രണ്ടു പാവകള്‍ക്കും മുഖംമൂടി വച്ചിരിക്കുന്നു.
അതും രാജ്ഞിയുടേത്. ഇതു നല്ല കണ്ടു പരിചയമുണ്ടല്ലോ എന്ന് ഓര്‍ത്തപ്പോഴേക്കും വിക്ടോറിയ ഞെട്ടി. താന്‍ പഴ്സില്‍ സൂക്ഷിച്ചിരുന്ന നോട്ടുകൾ എടുത്തു വെട്ടിയാണ് മകള്‍ മുഖംമൂടി നിര്‍മിച്ചിരിക്കുന്നത്.
അത് 25 പൗണ്ടിന്റെ നോട്ടുകളാണ്. ഇതു കണ്ടാല്‍ ഏത് അമ്മയാണ് ചിരിക്കണോ കരയണോ എന്ന അവസ്ഥയിലാകാത്തതെന്നാണ് വിക്ടോറിയ ചോദിക്കുന്നത്.
രണ്ടെണ്ണമെ കിട്ടിയുള്ളു
ഇതു കണ്ട് ഞെട്ടിയിരിക്കുന്ന വിക്ടോറിയയോട് മകള്‍ മറ്റൊരു കാര്യം കൂടി പറഞ്ഞു. എനിക്ക് മൂന്ന് പാവകളുണ്ട്. പക്ഷേ, രണ്ടു പേര്‍ക്കെ മുഖംമൂടി കിട്ടിയുള്ളു.എന്തായാലും കയ്യിലെ പണമെല്ലാം തീര്‍ന്ന തന്റെ അവസ്ഥ വിക്ടോറിയ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. ഇതു കണ്ട പലരും അവള്‍ക്കു സഹായവുമായി എത്തി.
125 പൗണ്ട് (ഏകദേശം 13000 രൂപ) വിക്ടോറിയക്ക് ലഭിച്ചു. തനിക്ക് അധികമായി ലഭിച്ച പണം മിഡില്ബ്രോയിലെ ദി ജെയിംസ് കൂക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ പാവപ്പെട്ട കുട്ടികള്‍ക്കും നല്കി.
ഇതൊക്കെയെന്ത്
സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് വൈറലായതോടെ നിരവധിയാളുകളാണ് അവരുടെ കുട്ടികളുടെ ഇത്തരം വികൃതികള്‍ പരസ്യപ്പെടുത്തിയത്. ടാര ഹോള്‍ബ്രൂക്ക് എന്ന അമ്മ പറഞ്ഞത് തന്റെ മകളും ഇങ്ങനെ ചെയ്തുവെന്നാണ്.
ഭര്‍ത്താവ് ഒരു മണിക്കൂര്‍ കഷ്ടപ്പെട്ട് നോട്ടുകൾ കൂട്ടിയോജിപ്പിച്ചു. സെല്ലോടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച് ബാങ്കില്‍ കൊണ്ടു ചെന്നു.
സീരിയല്‍ നമ്പര്‍ നഷ്ടപ്പെടാത്തതുകൊണ്ട് ബാങ്കുകാര് പുതിയ നോട്ട് നല്കി. അതേസമയം, എസ്മെയുടെ ക്രിയേറ്റിവിറ്റിയെ അഭിനന്ദിക്കുന്ന കമന്റുകളും സോഷ്യൽ മീഡിയയിൽ കാണാനായി.