സിഡ്നിയിൽ മാത്രമായിരുന്നില്ല പാവ ആശുപത്രികൾ ഉണ്ടായിരുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇവ പൊന്തിവന്നു. എന്നാൽ, വ്യവസായവത്കരണത്തോടെ പ്ലാസ്റ്റിക് പാവകളും കളിപ്പാട്ടങ്ങളും ആവശ്യം പോലെ ലഭ്യമായതോടെ ഇവയിൽ പലതിനും പൂട്ടുവീണു.
എന്നാൽ, ഈ വെല്ലുവിളികളെയെല്ലാം അതിജീവിച്ച് സിഡ്നിയിലെ പാവ ആശുപത്രി ഇന്നും പ്രവർത്തിക്കുന്നു. ജിയോഫ് ചാപ്മാനാണ് ആശുപത്രിയുടെ ഉടമയും സർജൻ ഇൻ ചീഫും. കുടുംബപരമായ ബിസിനസ് ഇന്നും അദ്ദേഹം നടത്തുക്കൊണ്ടുപോകുന്നു.
നൂറ്റാണ്ടിന്റെ പഴക്കമുള്ള ചരിത്രം അദ്ദഹം വിവരിക്കുന്നത് ഇങ്ങനെയാണ്. യുദ്ധകാലമായിരുന്നു അന്ന്. ഇന്നത്തെപ്പോലെ കളിപ്പാട്ടങ്ങൾ ഒന്നും സുലഭമായിരുന്നില്ല. പലരുടെയും കൈയിൽ കേടായവ മാറ്റി പുതിയത് വാങ്ങാൻ പണവും തികഞ്ഞിരുന്നില്ല. ആകെ സാധ്യമായത് അത് നന്നാക്കുക എന്നതായിരുന്നു.
ഒരുപാട് അനുഭവ കഥകൾ പറയാനുണ്ട് ജിയോഫ് ചാപ്മാന്. കണ്ണു നിറയുന്ന കാഴ്ചകൾ അയാൾ കണ്ടിട്ടുണ്ട്. അതിൽ ഒരെണ്ണം അദ്ദേഹം വിവരിക്കുന്നത് ഇങ്ങനെയാണ്. “ചിലർക്ക് അവരുടെ കളിപ്പാട്ടങ്ങൾ ജീവനു തുല്യമാണ്. ഇവയ്ക്കു കേടുപാടുകൾ സംഭവിച്ചാൽ നന്നാക്കാൻ അത്ര എളുപ്പമല്ല. അവർ ഇതിനായി ഞങ്ങളെയാണ് ആശ്രയിക്കുന്നത്. പലപ്പോഴും പാവകൾ നന്നാക്കി കിട്ടിക്കഴിയുന്പോൾ പലരും സന്തോഷം കൊണ്ട് കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഒരു പക്ഷേ കസ്റ്റമർ കരയുന്നത് കണ്ട് സന്തോഷിക്കുന്ന ഏക വ്യക്തി താൻ മാത്രമാകും.’
കാലം മാറിയതിനൊപ്പം ചാപ്മാന്റെ ആശുപത്രിയും വളർന്നിട്ടുണ്ട്. ആദ്യ കാലത്ത് ചില പ്രത്യേക കളിപ്പാട്ടങ്ങൾ മാത്രമാണ് നന്നാക്കി കൊടുത്തിരുന്നത്. അതിനുള്ള സംവിധാനമേ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ കഴിവതും എല്ലാം തന്നെ ഇവിടെ നന്നാക്കാനാവും ചാപ്മാൻ പറയുന്നു.