കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ആറാം പ്രതിയാക്കി കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു.
എറണാകുളം അഡീ. ചീഫ് ജുഡീഷല്‍ മജിസ്ടേറ്റ് (സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള) കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥന് ഖാലിദ് മുഹമ്മദ് അലി ഷൗക്രിയാണ് കുറ്റപത്രത്തിലെ ഒന്നാം പ്രതി. ആറു പ്രതികളുള്ള കേസിൽ പി.എസ്. സരിത്തും സ്വപ്ന സുരേഷുമാണ് രണ്ടും മൂന്നും പ്രതികൾ.
സന്ദീപ് നായര്‍ നാലാം പ്രതിയും സന്തോഷ് ഈപ്പന് അഞ്ചാം പ്രതിയുമാണ്.സ്വപ്നയുടെ ലോക്കറില്‍നിന്നു കണ്ടെത്തിയ ഒരുകോടി രൂപ ശിവശങ്കറിന്റെ പണമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
ശിവശങ്കര്‍ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗത്തിന്റെ വിവരങ്ങള്‍ സ്വപ്നയ്ക്ക് ചോര്‍ത്തി നല്‍കിയെന്നും കുറ്റപത്രത്തിലുണ്ട്. ലൈഫ് യുനിടെക് മിഷന്റെ ഇടപാടില്‍ ശിവശങ്കറാണ് മുഖ്യ സൂത്രകനെന്നും കുറ്റപത്രം വ്യക്തമാക്കുന്നു.
40 പേജുകളുള്ള കുറ്റപത്രമാണ് കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.15 പേരാണ് കേസിലെ സാക്ഷികള്‍. ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകള്‍ കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
വിദേശത്ത് ബിസിനസ് സംരംഭം തുടങ്ങാനും ശിവശങ്കറിന് താത്പര്യമുണ്ടായിരുന്നതായി കസ്റ്റംസ് പറയുന്നു. യുഎഇ കോണ്‍സുല്‍ ജനറല്‍ അടക്കം ഉള്‍പ്പെട്ട ഡോളര്‍ കടത്തിനെക്കുറിച്ച് അറിയാമായിരുന്നിട്ടും ശിവശങ്കര്‍ അക്കാര്യം മറച്ചുവച്ചു.
കള്ളക്കടത്തിനെക്കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പലതവണ സ്വപ്നയെയും സരിത്തിനെയും അറിയിച്ചെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.
ഡോളര്‍ കടത്തിലെ എല്ലാ ഇടപാടുകളും ശിവശങ്കറിന് അറിയാമായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.