കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനു കസ്റ്റംസ് നോട്ടീസ് നല്കിയാലും ചോദ്യം ചെയ്യല്‍ വൈകിപ്പിക്കാന്‍ നീക്കം. എട്ടിനു ആരംഭിക്കുന്ന നിയമസഭ സമ്മേളനം 28നു മാത്രമാണ് അവസാനിക്കുന്നത്.
നിയമസഭ സമ്മേളനത്തിന്റെ പേരില്‍ സ്പീക്കര്‍ ഹാജരാകുന്നതു ഒഴിവാക്കാനാണ് നീക്കം. ഇതുവരെ കസറ്റംസ് നോട്ടീസ് നല്‍കിയിട്ടില്ലെങ്കിലും നോട്ടീസ് നല്കുന്നതു സംബന്ധിച്ചുള്ള വാര്‍ത്തകള്‍ നിഷേധിച്ചിട്ടുമില്ല.
നോട്ടീസ് ഉടന്‍ നല്‍കുമെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ നല്കുന്ന സൂചന. നിയമസഭ സമ്മേളനം ചേരാത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യാനും ആലോചിക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ അഡീഷല്‍ പ്രൈവറ്റ് സെക്രട്ടറി രവീന്ദ്രനു നോട്ടീസ് നല്കിയപ്പോള് ആരോഗ്യപ്രശ്നത്തിന്റെ പേരില്‍ പലപ്രാവശ്യം മാറിനിന്നതാണ്.എന്നാല്‍ അസി. പ്രൊട്ടോക്കോള്‍ ഓഫീസര്‍ക്കു 30 നു കസ്റ്റംസ് നോട്ടീസ് നൽകിയിട്ടുണ്ട്.
തിങ്കളാഴ്ചയാണ് ഇദേഹത്തെ ചോദ്യം ചെയ്യുന്നത്. സ്പീക്കറിനെ പോലെയുള്ള ഒരാള്‍ നിയമസഭ സമ്മേളനത്തിന്റെ നെടുംതൂണാണ്. നോട്ടീസ് ലഭിച്ചാല്‍ നിയമസഭ സമ്മേളനം തീരുന്നതുവരെ ഹാജരാകില്ലെന്ന നിലപാടാകും സര്‍ക്കാര്‍ സ്വീകരിക്കുക.
നിയമസഭ സമ്മേളനത്തിനു മുമ്പു നോട്ടീസ് നല്കി വിളിച്ചുവരുത്താനുള്ള സാധ്യത മാത്രമേ ഇപ്പോള്‍ കസ്റ്റംസിന്റെ പക്കലുള്ളൂ. സ്പീക്കറിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്കിയാല് നിയമസഭ സമ്മേളനത്തില്‍ പ്രതിപക്ഷത്തിനു ലഭിക്കുന്ന നല്ലൊരു ആയുധമാകും ഇത്.
തദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പു വിജയത്തിന്റെ മുന്‍തൂക്കത്തില്‍ എത്തുന്ന ഭരണപക്ഷത്തെ വരച്ചവരയില്‍ നിര്‍ത്താനുള്ള അവസരമാണ് പ്രതിപക്ഷത്തിനു കൈവരുന്നത്.
ഡോളര്‍ അടങ്ങിയ ബാഗ് പ്രതികള്‍ക്കു കൈമാറിയെന്ന ഗുരുതരമൊഴി സ്പീക്കര്ക്കെതിരേയുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തുമാണ് ഡോളര്‍ അടങ്ങിയ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ എത്തിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടുവെന്നാണ് മൊഴിനല്‍കിയത്.
ഇരുവരും മജിസ്ട്രേറ്റിനും കസ്റ്റംസിനും നല്കിയ മൊഴിയില്‍ സ്പീക്കര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളാണുള്ളത്.