ന്യൂയോര്‍ക്ക്/ലണ്ടന്‍/മുംബൈ: ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതു ഡോളറിനെ ഉയരങ്ങളിലെത്തിക്കുന്നു. അമേരിക്കയില്‍ പലിശ ഉയരുമെന്നും കമ്പോളങ്ങള്‍ കണക്കാക്കുന്നു. അമേരിക്കയില്‍ ട്രംപ് വലിയതോതില്‍ മൂലധനനിക്ഷേപത്തിനു വഴിയൊരുക്കുമെന്നാണു പ്രതീക്ഷ. ഇതു വ്യാവസായിക ലോഹങ്ങള്‍ക്കു വില കൂട്ടി. പക്ഷേ, ക്രൂഡ് ഓയില്‍ വീണ്ടും താണു. സ്വര്‍ണം താഴ്ന്ന നിലവാരത്തില്‍ തുടര്‍ന്നു.വ്യത്യസ്തമായി കണ്ടതു ബ്രിട്ടീഷ് പൗണ്ട് മാത്രം. പൗണ്ട് ഡോളറിനെതിരേയും കയറുകയാണ്. യൂറോ ഡോളറിനു 107.5ലേക്കു താണു.
അമേരിക്കയില്‍ 10 വര്‍ഷ സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ക്കു 2.2 ശതമാനം വരുമാനം കിട്ടത്തക്ക നിലയില്‍ വില താണു. 30 വര്‍ഷ സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ക്ക് മൂന്നു ശതമാനമായി വരുമാനം. പലിശ നിരക്ക് കൂടുമെന്നു കമ്പോളം ഉറപ്പാക്കുന്നു. ട്രംപ് ഭരണകൂടം ചെലവ് കൂട്ടുമെന്നാണു പ്രതീക്ഷ. കമ്പനികള്‍ക്കുള്ള ആദായനികുതി കുറയ്ക്കുമ്പോള്‍ കൂടുതല്‍ അമേരിക്കന്‍ കമ്പനികള്‍ വിദേശത്തു സൂക്ഷിക്കുന്ന ലാഭം രാജ്യത്തേക്കു കൊണ്ടുവരുമെന്നാണു പ്രതീക്ഷ. ഇതും ഡോളറിനു കരുത്തായി.
അമേരിക്കന്‍ കേന്ദ്ര ബാങ്ക് ഫെഡറല്‍ റിസര്‍വ് ബോര്‍ഡ് (ഫെഡ്) ഡിംസബര്‍ ആദ്യം പലിശ കൂട്ടുമെന്ന് ഉറപ്പായി. തൊഴില്‍ വളര്‍ച്ചയും ജിഡിപി വളര്‍ച്ചയും അതിനു സഹായകമാണ്. 2017ല്‍ പലിശ മുക്കാല്‍ ശതമാനമെങ്കിലും കൂടുമെന്നാണു പ്രതീക്ഷ.ഏഷ്യയിലെ മിക്ക കറന്‍സികളും താഴോട്ടാണ്. ജാപ്പനീസ് യെന്‍, ദക്ഷിണകൊറിയയുടെ വോണ്‍, ചൈനയുടെ യുവാന്‍, ഇന്‍ഡോനേഷ്യയുടെ റുപിയ, ഫിലിപ്പീന്‍സിന്റെ പെസോ തുടങ്ങിയവയൊക്കെ ഇന്നലെ ഗണ്യമായി താണു.
ഉയര്‍ന്ന പണപ്പെരുപ്പവും കുറഞ്ഞ സാമ്പത്തിക വളര്‍ച്ചയുമുള്ള സ്റ്റാഗ് ഫ്‌ളേഷന്‍ ആണു ട്രംപ് ഭരണകാലത്ത് അമേരിക്ക അനുഭവിക്കുക എന്നു പല നിക്ഷേപ ബാങ്കുകളും പ്രവചിച്ചു. ക്രൂഡ് ഓയില്‍ ബ്രെന്റ് ഇനം വീപ്പയ്ക്ക് 43.62 ഡോളറിലും ഡബ്‌ള്യുടിഐ ഇനം 42.24 ഡോളറിലും എത്തി.
സ്വര്‍ണം ഔണ്‍സിന് 1219 ഡോളറിലാണ് ഇന്നലെ.ഇന്ത്യയില്‍ ഇന്നലെ കമ്പോളങ്ങള്‍ അവധിയായിരുന്നു. രൂപയും ഓഹരികളും ഇന്നു താഴോട്ടു പോകുമെന്നു പലരും കരുതുന്നു.