മുംബൈ: രാജ്യത്തിന്റെ വിദേശനാണ്യശേഖരത്തിൽ വലിയ ഇടിവ്. തുടർച്ചയായ രണ്ടാമത്തെ ആഴ്ചയാണു ശേഖരം താഴുന്നത്. ഏപ്രിൽ 27 നവസാനിച്ച ആഴ്ചയിൽ 321.6 കോടി ഡോളർ കുറഞ്ഞ് ശേഖരം 42,036.6 കോടി ഡോളർ ആയി. ഏപ്രിൽ 13-നു 42,602.8 കോടി ഡോളർ ഉണ്ടായിരുന്ന ശേഖരത്തിൽ രണ്ടാഴ്ചകൊണ്ട് ഉണ്ടായ ഇടിവ് 566 കോടി ഡോളറാണ്.
വിദേശനിക്ഷേപകർ പണം പിൻവലിക്കുന്നതാണു ശേഖരം കുറയുന്നതിനുള്ള പ്രധാന കാരണം. അമേരിക്കയിൽ പലിശ കൂടുന്നതു പരിഗണിച്ചു നിക്ഷേപങ്ങൾ സാവധാനം അങ്ങോട്ടു തിരിച്ചുപോകുന്നുണ്ട്. ഇതു രൂപയുടെ വിനിമയനിരക്കിലും പ്രതിഫലിച്ചിട്ടുണ്ട്. ഏതാനുമാഴ്ച കൊണ്ട് 2.87 ശതമാനം ഇടിവാണു രൂപയ്ക്കുണ്ടായത്.