ജോണ്സണ് വേങ്ങത്തടം
കൊച്ചി: രാഷ്ട്രീയ വിവാദത്തിലേക്കു നീണ്ട സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളിലെ അന്വേഷണ മരവിപ്പ് മാറുന്നു. കഴിഞ്ഞ രണ്ടുമാസമായി അന്വേഷണം നിര്‍ത്തി വച്ചിരുന്ന അന്വേഷണ ഏജന്‍സികള്‍ വീണ്ടും സജീവമാകുന്നതിന്റെ സൂചനകള്‍ പുറത്തുവരുന്നു.
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച അവസരത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനു കനത്ത തിരിച്ചടിയായി കേസ് മാറുകയാണ്. എട്ടുമാസം മുമ്പു സ്വര്‍ണക്കടത്ത് കേസ് ആരംഭിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു സ്വാധീനമുണ്ടെന്നു കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കിയാണ് അന്വേഷണ ഏജന്‍സികള്‍ രംഗത്തു ചുവടുറപ്പിച്ചതെങ്കില്‍ ഇപ്പോള്‍ മുഖ്യമന്ത്രിയെ നേരിട്ട് ആക്രമിക്കുന്ന സാഹചര്യത്തിലേക്കു കേസ് മാറിയിരിക്കുന്നു.
മൊഴിക്കുരുക്ക്
ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും നേരിട്ടു പങ്കുണ്ടെന്നാണു സ്വപ്നയുടെ രഹസ്യമൊഴിയിലൂടെ കസ്റ്റംസ് സമര്‍ഥിക്കുന്നത്. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിച്ചുവെന്ന ആരോപണം ഏജന്സികള്ക്കുനേരേ പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു.
എന്നാല്‍ പ്രതിപക്ഷത്തെ പോലും ഞെട്ടിച്ചു കൊണ്ടു വീണ്ടും അന്വേഷണം സജീവമാകുകയാണ്. ഈ കേസിന്റെ അന്വേഷണം മരവിപ്പിച്ചതിന്റെ പേരില്‍ ഏറെ പഴിക്കപ്പെട്ടതു ബിജെപിയും കേന്ദ്രസര്‍ക്കാരുമാണ്. എന്നാല്‍ തെരഞ്ഞെടുപ്പു സമയത്തു തന്നെ വീണ്ടും കേസിനു പുതിയ വഴിത്തിരിവ് സംഭവിക്കുമ്പോള്‍ ഏറെ വിഷമിക്കുന്നതു സിപിഎമ്മാണ്.
സ്വപ്ന സുരേഷ് പ്രതിയായ ഡോളര്‍ കടത്ത് കേസില്‍ ഗുരുതര ആരോപണങ്ങളുമായി കസ്റ്റംസ് രംഗത്തുവന്നിരിക്കുന്നത്. ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പങ്കുണ്ടെന്നു കസ്റ്റംസ് കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
കസ്റ്റംസ് കോടതിയില്‍ കൊടുത്തിരിക്കുന്ന സത്യവാങ്മൂലത്തിന്റെ അലയടികള്‍ ഉടനെയൊന്നും അവസാനിക്കില്ലെന്നും ഉറപ്പാണ്. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലായി കേസ് വീണ്ടും മാറുകയാണ്.
ജയിലില്‍വച്ച് സ്വപ്നയെ ചോദ്യം ചെയ്യുന്നതിനെ ചൊല്ലി ജയില്‍ വകുപ്പും കസ്റ്റംസും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നിലനില്‍ക്കുന്നുണ്ട്. ഈ ഹര്‍ജിയുടെ ഭാഗമായിട്ടാണ് കസ്റ്റംസ് ഇപ്പോള്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് സ്വപ്ന സുരേഷിന്റെ മൊഴിയില്‍ പറയുന്നത്. സ്വപ്നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് കസ്റ്റംസിന്റെ പക്കല്‍നിന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ചോദിച്ചു കഴിഞ്ഞു.
വീണ്ടും ചടുലമായ നീക്കം
കേന്ദ്ര ഏജന്‍സികള്‍ ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്നും അന്വേഷണം സംസ്ഥാന പദ്ധതികള്‍ മുടക്കാന്‍ വേണ്ടിയാണെന്നും കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിക്കു കത്തയച്ചിരുന്നു.പിന്നീട് അന്വേഷണം മരവിച്ച അവസ്ഥയിലായിരുന്നു. കത്ത് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നു ധനമന്ത്രിയുടെ ഓഫീസിനു കൈമാറിയിരുന്നു.
കസ്റ്റംസും ഇഡിയും കേന്ദ്ര ധനവകുപ്പിന്റെ നിയന്ത്രണത്തിലാണ്.ഇഡി ഏറ്റവുമൊടുവില്‍ മൊഴിയെടുത്തതു മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനില്‍നിന്നാണ്. പിന്നീട് അന്വേഷണം പുരോഗമിച്ചിട്ടില്ല. ഇതിനിടെയാണ് വീണ്ടും ഡോളര്‍ കടത്തു കേസില്‍ കസ്റ്റംസ് ചടുലമായ നീക്കം നടത്തിയിട്ടുള്ളത്.