നെടുന്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് പുലർച്ചെ രണ്ടു യാത്രക്കാരിൽ നിന്നായി 25 ലക്ഷം രൂപയുടെ വിദേശ കറൻസിയും 500 ഗ്രാം സ്വർണവും പിടികൂടി. ടൈഗർ എയർവേയ്സിൽ കൊച്ചിയിൽ നിന്നും മലേഷ്യയിലേക്ക് പോകാൻ വന്ന യാത്രക്കാരന്റെ ബാഗിൽ നിന്നാണ് കറൻസി കണ്ടെത്തിയത്. ബാഗിനകത്ത് മടക്കിവച്ചിരുന്ന വസ് ത്രങ്ങൾക്കിടയിലാണ് കറൻസി ഒളിപ്പിച്ചുവച്ചിരുന്നത്. ഇയാൾ തിരിപ്പൂർ സ്വദേശിയാണ്.
ദുബായിയിൽനിന്ന് വന്ന കാസർകോട് സ്വദേശിയായ യാത്രക്കാരനിൽ നിന്നാണ് 500 ഗ്രാം സ്വർണം പിടിച്ചത്. ദ്രാവക രൂപത്തിലാക്കി കുപ്പിയിലാണ് സ്വർണം കൊണ്ടുവന്നത്. എയർ കസ്റ്റംസ് ഇന്റലിജന്റ്സ് വിഭാഗമാണ് ഇവരെ പിടികൂടിയത്.