ന്യൂയോർക്ക്: അമേരിക്കൻ നഗരമായ ന്യൂയോർക്കിലെ ദന്പതികളെ ഭാഗ്യദേവത കടാക്ഷിച്ചിരിക്കുന്നു! തടാകത്തിൽ “മാഗ് നെറ്റിക് ഫിഷിംഗ്’ നടത്തിയ ദന്പതികൾക്കു ലഭിച്ചത് ലക്ഷങ്ങൾ. (ശക്തമായ നിയോഡൈമിയം കാന്തം ഉപയോഗിച്ച് ഫെറോ മാഗ് നെറ്റിക് വസ്തുക്കൾ ജലാശയങ്ങളിൽ കണ്ടെത്തുന്നതാണ് മാഗ് നെറ്റിക് ഫിഷിംഗ്).
ജെയിംസ് കെയ്ൻ- ബാർബി അഗോസ്റ്റിനി ദന്പതികൾക്കു വെള്ളത്തിൽനിന്നു തോക്കുകൾ, രണ്ടാം ലോക മഹായുദ്ധത്തിൽ ഉപയോഗിച്ച ഗ്രനേഡുകൾ, മോട്ടോർസൈക്കിൾ, വിദേശനാണയങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവ നേരത്തെ ലഭിച്ചിരുന്നു. എന്നാൽ അടുത്തിടെ ബംപർ ലഭിച്ചതിന്റെ ആഹ്ളാദത്തിലാണു ദന്പതികൾ.
ന്യൂയോർക്ക് തടാകത്തിൽ നടത്തിയ മാഗ് നെറ്റിക് ഫിഷിംഗിനിടെ ഇവർക്ക് ഒരു പെട്ടി ലഭിച്ചു. പെട്ടി തുറന്നപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല. പെട്ടി നിറയെ ഡോളർ. എണ്ണിനോക്കിയപ്പോൾ 1,00,000 യുഎസ് ഡോളർ (83 ലക്ഷത്തിലേറെ രൂപ)!കഴിഞ്ഞ മേയ് 31നായിരുന്നു സംഭവം.
കെയ്നും ബാർബിയും പെട്ടി കിട്ടിയതിനെക്കുറിച്ച് പോലീസിനെ അറിയിച്ചു. യഥാർഥ ഉടമയെ കണ്ടെത്താൻ കഴിയാത്തതുകൊണ്ട് പണപ്പെട്ടി ജെയിംസിനും ബാർബിക്കും സ്വന്തമായി എടുക്കാമെന്നാണു പോലീസ് അറിയിച്ചിരിക്കുന്നത്.