മുംബൈ: ഉത്തർപ്രദേശിലെ ബിജെപിയുടെ തകർപ്പൻ വിജയം ഓഹരികൾക്കും രൂപയ്ക്കും കരുത്തായി. ഓഹരി വിപണിയിലെ നിക്ഷേപമൂല്യം ഇന്നലെ ഒറ്റ ദിവസം കൊണ്ട് ഒന്നരലക്ഷം കോടി രൂപ കണ്ടു വർധിച്ചു. നിഫ്റ്റി 50 സൂചിക റിക്കാർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. രൂപയ്ക്ക് 79 പൈസ നേട്ടമുണ്ടായി. ഡോളർ 65.81 രൂപയിലേക്കു താണപ്പോൾ രൂപ 2015 നവംബർ ആറിനുശേഷമുള്ള ഏറ്റവും ഉയർന്ന നിലവാരത്തിലായി.
ഓഹരി വിപണിയിൽ സെൻസെക്സ് രാവിലെ 29,562 വരെ ഉയർന്നശേഷം 29,443ൽ ക്ലോസ് ചെയ്തു. വർധന 496 പോയിന്റ്. സെൻസെക്സ് സർവകാല റിക്കാർഡ് 30,025 പോയിന്റാണ്. അതിൽനിന്നും ഗണ്യമായി താഴെയാണ് ഇന്നലെ ക്ലോസ് ചെയ്തത്. നിഫ്റ്റിയിൽ മുൻ റിക്കാർഡായ 9119 മറികടന്ന് 9,122 വരെ എത്തിയശേഷം 9,087ൽ ആയിരുന്നു ക്ലോസിംഗ്. ഇതാദ്യമാണ് 9,000നു മുകളിൽ നിഫ്റ്റി ക്ലോസ് ചെയ്തത്.
അടുത്തവർഷം പ്രതീക്ഷിക്കുന്ന പ്രതി ഓഹരി വരുമാനത്തിന്റെ 19.85 മടങ്ങ് വിലയിലാണ് ഓഹരി സൂചികകൾ ഇപ്പോൾ. വിപണിയിലെ ഓഹരികളുടെ മൊത്തം മൂല്യം കഴിഞ്ഞ വെള്ളിയാഴ്ചത്തെ 117.32 ലക്ഷം കോടിയിൽനിന്ന് ഇന്നലെ 118.86 ലക്ഷം കോടി രൂപയായി. 1.54 ലക്ഷം കോടി രൂപയുടെ വർധന.
നിഫ്റ്റി 9,191ന്റെ തടസം മറികടന്നപ്പോൾ 10,350-12,000 മേഖലയിലേക്ക് ഉയരുമെന്നു വിദേശനിക്ഷേപ സ്ഥാപനമായ സിഎൽഎസ്എ കണക്കാക്കുന്നു.വിദേശ ഫണ്ടുകൾ ഇന്ത്യയിലേക്കു കൂടുതലായി വരുമെന്ന പ്രതീക്ഷയിലാണു രൂപയുടെ വിനിമയ നിരക്ക് വർധിച്ചത്.