മുംബൈ: രൂപയുടെ വിനിമയനിരക്ക് വീണ്ടും ഇടിഞ്ഞു. ഡോളർ 67 രൂപയ്ക്കു സമീപമെത്തി. ഇന്നലെ 52.50 പൈസയാണു ഡോളറിനു കയറിയത്. ചൊവ്വാഴ്ച 66.3750 ആയിരുന്ന ഡോളർ വൈകുന്നേരം 66.90 ലെത്തി. 2017 ഫെബ്രുവരി 22-നു ശേഷമുള്ള ഏറ്റവും താണനിലയാണിത്.
അമേരിക്കയിൽ പലിശ നിരക്ക് കൂടുന്നതും വിദേശനിക്ഷേപകർ ഇന്ത്യയിൽനിന്നു പണം പിൻവലിക്കുന്നതുമാണു രൂപയെ തളർത്തുന്ന ഘടകങ്ങൾ. കയറ്റുമതിരംഗത്തു നേരിടുന്ന തിരിച്ചടിയും ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതും രൂപയെ ബാധിച്ചിട്ടുണ്ട്.
ഇന്ത്യൻ കന്പനികളുടെ വിദേശ വായ്പയിൽ ഗണ്യമായൊരു ഭാഗം അടുത്തവർഷം തിരിച്ചടയ്ക്കേണ്ടതുണ്ടെന്ന വസ്തുതയും രൂപയ്ക്കു ക്ഷീണമായി. സിംഗപ്പുരിലെ അനൗദ്യോഗിക വിനിമയ വിപണിയിൽ ഡോളർ 67 രൂപയ്ക്കു മുകളിൽ കയറിയിട്ടുണ്ട്. വരുംദിവസങ്ങളിലും താഴോട്ടാകും ഗതി എന്നാണു സൂചന. ഏപ്രിൽ പത്തിനുശേഷം രൂപയ്ക്കു 2.93 ശതമാനം വിലയിടിവാണുണ്ടായത്.
ഇപ്പോഴത്തെ ഇടിവിൽ ഗവൺമെന്റ് അധികം ആകുലപ്പെടുന്നില്ല. വ്യാപാരയുദ്ധങ്ങളുടെ സാഹചര്യത്തിൽ രൂപയ്ക്ക് മൂല്യം കുറയുന്നതു കയറ്റുമതിയെ സഹായിക്കും എന്നതുകൊണ്ടാണിത്. അമേരിക്കയിൽ പലിശ കൂടുന്നതു മറ്റു കറൻസികൾക്കു മേലും ഡോളറിനു നേട്ടമുണ്ടാക്കാൻ കാരണമായി.
യുഎസിൽ പലിശ കൂടുന്പോൾ നിക്ഷേപം അങ്ങോട്ടൊഴുകും. അതാണു ഡോളറിനനുകൂലമായ മാറ്റത്തിന്റെ കാരണം. ഇതുമൂലം സ്വർണവില ഡോളർ നിരക്കിൽ താഴോട്ടു നീങ്ങി.