മുംബൈ: ആഗോള മാർക്കറ്റിൽ ക്രൂഡ് വില കുതിച്ചുയരുന്നതിനൊപ്പം കുതിച്ച ഡോളർ രൂപയെ വീണ്ടും തളർത്തി. 2017 ഫെബ്രുവരിക്കുശേഷം ആദ്യമായി രൂപയുടെ വില 67 പിന്നിട്ടു. ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ വില ഇന്നലെ 26 പൈസ താഴ്ന്ന് 67.13 ആയി. ക്രൂഡ് വില ഉയരുന്നതും ഡോളർ കരുത്താർജിക്കുന്നതും കഴിഞ്ഞ കുറച്ച് ആഴ്ചകളായി രൂപയ്ക്ക് കനത്ത സമ്മർദം സൃഷ്ടിച്ചുവരികയായിരുന്നു.
ഓഹരിവിപണിയിൽ വിദേശനിക്ഷേപകർ വില്പനക്കാരാകുന്ന പ്രവണത തുടരുന്നു. ഡോളർ കരുത്താർജിച്ച് രൂപ തളരുന്നത് കമ്പോളങ്ങളിലും പ്രതിഫലിച്ചു. തുടച്ചയായ 13-ാം ദിനവും ഫോറിൻ പോർട്ട്ഫോളിയോ നിക്ഷേപകർ വില്പനക്കാരായി. ഏപ്രിൽ 16 – മേയ് 4 കാലയളവിൽ വിദേശനിക്ഷേപകർ 5,819 കോടി രൂപയുടെ ഓഹരികൾ വിറ്റൊഴിഞ്ഞു.
കഴിഞ്ഞ ജൂണിനുശേഷം 65 ശതമാനം ഉയർച്ചയാണ് ക്രൂഡ് വിലയിലുണ്ടായത്. 2014നു ശേഷം ആദ്യമായി ബാരലിന് 70 ഡോളറായി ഉയർന്നു. ക്രൂഡ് വില ഉയരുന്നതും രൂപയുടെ വില താഴുന്നതും ഇന്ത്യയെ പ്രതികൂലമായി ബാധിക്കും. വിലക്കയറ്റത്തിനും വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.
ഈ സാന്പത്തികവർഷം ഡോളർ സൂചിക മൂന്നു ശതമാനത്തോളം ഉയർന്നിട്ടുണ്ട്. ക്രൂഡ് വില ഉയരുന്ന പ്രവണത തുടർന്നാൽ രൂപ 68-69ലേക്കു വരെ താഴ്ന്നേക്കാമെന്നാണ് മാർക്കറ്റ് വിദഗ്ധരുടെ വിലയിരുത്തൽ.
ഓഹരിക്കമ്പോളങ്ങളിൽ മുന്നേറ്റം
മുംബൈ: രൂപ തളരുന്നതിനൊപ്പം ഓഹരിക്കമ്പോളങ്ങളിൽ ഉയർച്ച. സെൻസെക്സ് 292.76 പോയിന്റും നിഫ്റ്റി 97.25 പോയിന്റും ഇന്നലെ ഉയർന്നു. ഇന്നലെ വ്യാപാരമവസാനിക്കുന്പോൾ സെൻസെക്സ് 35,208.14ലും നിഫ്റ്റി 10,715.50ലുമാണ്. വിദേശ നിക്ഷേപകർ വില്പനക്കാരായപ്പോൾ ഇന്ത്യൻ നിക്ഷേപകരാണ് കമ്പോളങ്ങളുടെ ഗതി ഉയർത്തിയത്. അവർ 1,084.09 കോടി രൂപയുടെ ഓഹരികൾ ഇന്നലെ വാങ്ങിക്കൂട്ടി.
ആഗോള ക്രൂഡ് വില 2014നു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ്. വെനസ്വേലയുടെ സാന്പത്തികപ്രതിസന്ധി രൂക്ഷമായതും ഇറാനെതിരേ അമേരിക്ക വീണ്ടും ഉപരോധത്തിനു ശ്രമിക്കുന്നതും ക്രൂഡ് വില ഉയരാൻ കാരണമായി. ബ്രന്റ് ഇനം ക്രൂഡ് 0.83 ശതമാനം ഉയർന്ന് ബാരലിന് 75.49 ഡോളറായി.
ക്രൂഡ് വില ഉയർന്നതോടെ ഓയിൽ ആൻഡ് ഗ്യാസ് കമ്പനികളുടെ ഓഹരികൾ ഉയർന്നു. ഗെയിൽ (3.93 ശതമാനം), ഓയിൽ ഇന്ത്യ (2.57 ശതമാനം), ഐഒസി (1.58 ശതമാനം), ബിപിസിഎൽ (1.43 ശതമാനം), എച്ച്പിസിഎൽ (0.86 ശതമാനം).
ഏഷ്യൻ മാർക്കറ്റിൽ ഹോങ്കോംഗിന്റെ ഹാങ്സെങ് സൂചിക 0.22 ശതമാനം, ചൈനയുടെ ഷാങ്ഹായ് സൂചിക 1.48 ശതമാനം, ജപ്പാന്റെ നിക്കീ സൂചിക 0.03 ശതമാനം വീതം ഉയർന്നു. യൂറോപ്പിൽ ഫ്രാങ്ക്ഫർട്ട് ഡാക്സ് 0.36 ശതമാനം, പാരീസ് സിഎസി 0.09 ശതമാനം വീതവും ഉയർന്നു .