ജീവനോടെ ചിറകുകള്‍ മുറിച്ചെടുത്ത് ജീവനോടെ തന്നെ കടലിലേയ്ക്ക് വലിച്ചെറിയുന്നു! ചിറകുകള്‍ ഉപയോഗിച്ച് സൂപ്പുണ്ടാക്കി ആഢ്യത്യം കാണിക്കുന്നു; സ്രാവ് വേട്ടയെക്കുറിച്ച് പുറത്തുവരുന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍

കേരളമടക്കമുള്ള പല സ്ഥലങ്ങളില്‍ നിന്നും കോടികള്‍ വിലമതിക്കുന്ന കടല്‍സ്രാവിന്റെ ചിറകുകള്‍ പലപ്പോഴും പിടിച്ചെടുക്കാറുണ്ട്. കടല്‍സ്രാവുകളുടെ ചിറകുവേട്ടയെപ്പറ്റിയും അവയുടെ ദാരുണമായ അന്ത്യത്തെപ്പറ്റിയും മനുഷ്യന്റെ ക്രൂരമായ വേട്ടയെപ്പറ്റിയും പുറത്തുവരുന്നത് അത്യന്തം വേദനാജനകമായ കാര്യങ്ങളാണ്. കടലില്‍ നിന്നും സ്രാവിനെ പിടിച്ച് ജീവനുള്ളപ്പോള്‍ത്തന്നെ അവയുടെ എല്ലാ ചിറകുകളും മുറിച്ചെടുത്ത് തിരികെ ജീവനോടെ കടലിലേക്കുതന്നെ വിടുകയാണ് ചെയ്യുന്നത്. ചിറകുകള്‍ നഷ്ടപ്പെട്ട് നീന്താനാവാതെ ശ്വാസംമുട്ടിയോ രക്തംവാര്‍ന്നോ മറ്റു ശത്രുക്കളുടെ പിടിയില്‍പ്പെട്ടോ പതിയെ വളരെ ദാരുണമായ അവസ്ഥയില്‍ അവ കൊല്ലപ്പെടുകയും ചെയ്യും. പലപ്പോഴും അനേകം ദിവസത്തെ കഷ്ടപ്പാടിനും മരണവെപ്രാളത്തിനും പട്ടിണിയ്ക്കും ഒടുവിലാണ് അവ ചാവുന്നത്.

സ്രാവുകളെ മൊത്തം കരയിലേക്കുതന്നെ കൊണ്ടുവരിക എന്നുവച്ചാല്‍ അവയുടെ വലിപ്പവും ഭാരവും കാരണം കപ്പലില്‍ അധികമൊന്നും ചിറകുകള്‍ ശേഖരിക്കാന്‍ പറ്റാത്തതിനാലാണ് ലാഭകരമായ ചിറകുകള്‍ മാത്രം മുറിച്ചെടുത്ത് ബാക്കി 98 ശതമാനത്തോളം ഭാരം വരുന്ന സ്രാവിന്റെ ശരീരം മുഴുവന്‍ കടലില്‍ ഉപേക്ഷിക്കുന്നത്. ചൈനയിലും മറ്റു ചില കിഴക്കനേഷ്യന്‍ രാജ്യങ്ങളിലും സ്രാവിന്റെ ചിറകുകൊണ്ടുള്ള സൂപ്പിനു വലിയ ഡിമാന്റാണ്. ഇതിനായിട്ടാണ് ചിറകുകള്‍ ശേഖരിക്കുന്നത്. 10 കോടി മുതല്‍ 20 കോടി വരെ സ്രാവുകളെയാണ് ഇങ്ങനെ ചിറകുകള്‍ക്കു മാത്രമായി വര്‍ഷം തോറും കൊല്ലുന്നത്. പലരാജ്യങ്ങളിലും നിരോധിച്ചിട്ടുള്ള ഈ പരിപാടി ഇന്നും പലയിടത്തും തുടരുകയാണ്. അഞ്ചു ലക്ഷം ടണ്‍ ചിറകുകളാണത്രേ ഓരോ വര്‍ഷവും ഇങ്ങനെ ശേഖരിക്കുന്നത്.

വളരെ പതിയെമാത്രം വളരുകയും പ്രായപൂര്‍ത്തിയെത്തുകയും ചെയ്യുന്ന സ്രാവുകള്‍ പ്രജനനത്തിന് ശേഷി കൈവരിക്കണമെങ്കില്‍ ഏതാണ്ട് 30 വര്‍ഷങ്ങള്‍ എടുക്കുമെന്നതിനാല്‍ ഇത്തരം കൂട്ടക്കുരുതികള്‍ അവയുടെ വംശങ്ങള്‍ക്കുതന്നെ കടുത്ത ഭീഷണി ഉയര്‍ത്തുന്നുണ്ട്. വര്‍ഷം ഒന്നോരണ്ടോ കുട്ടികള്‍ മാത്രമേ പലസ്രാവുകള്‍ക്കും ഉണ്ടാവുകയുമുള്ളൂ. സ്രാവുകളുടെ വലിപ്പം വര്‍ഷംകഴിയുംതോറും കുറഞ്ഞുവരുന്നതായി മുക്കുവര്‍ പറയുന്നതിനു കാരണം ഇതാണ്. ഒരു പാത്രം സൂപ്പിന് 100 ഡോളര്‍ വരെ വിലയുള്ള ഈ വിഭവം വിശേഷാവസരങ്ങളില്‍ തങ്ങളുടെ ആസ്ഥി കാണിക്കാനായിട്ടാണ് പലപ്പോഴും ആതിഥേയര്‍ ഉപയോഗിക്കുന്നത്. പല രാജ്യങ്ങളിലെയും സംരക്ഷിതസമുദ്രമേഖലകളിലും ഇത്തരം സ്രാവുവേട്ട നടക്കുന്നതു ചിത്രീകരിച്ചിട്ടുണ്ട്. അതിലൊന്നില്‍ കടലിന്റെ അടിത്തട്ടില്‍ അനങ്ങാന്‍ പോലുമാവാതെ ചിറകുമുറിക്കപ്പെട്ട സ്രാവുകള്‍ ജീവന്‍ നഷ്ടപ്പെടാതെ കിടക്കുന്നത് രേഖപ്പെടുത്തിയിട്ടുണ്ട്.

 

Related posts