ടോർഷവൻ: ആഗോളതലത്തില്‍ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ഡോൾഫിൻ വേട്ടയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി ഡെന്മാര്ക്കിലെ ഫെറോ ദ്വീപുകൾ.
പ്രതിവർഷം വേട്ടയാടാവുന്ന ഡോൾഫിനുകളുടെ എണ്ണം 500 ആയി പരിമിതപ്പെടുത്തി. അടുത്ത രണ്ടു വർഷത്തേക്കാണ് ഫെറോ സര്‍ക്കാര്‍ അധികൃതര്‍ നിയന്ത്രണം ഏർപ്പെടുത്തിയത്.
ദ്വീപില്‍ വര്‍ഷം തോറും നടക്കുന്ന “ഗ്രൈന്‍ഡഡ്രാപ്’ എന്ന വിനോദ കടല്‍വേട്ടയിൽ ആയിരക്കണക്കിന് ഡോൾഫിനുകളെയാണ് കൊന്നൊടുക്കുന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 1,423 ഡോള്‍ഫിനുകളാണ് കൊല്ലപ്പെട്ടത്. ഇതോടെ വിനോദത്തിനായുള്ള ഫെറോ ജനതയുടെ ക്രൂരകൃത്യത്തിനെതിരേ ആഗോളതലത്തില്‍ വലിയ രോഷവും ഉയര്‍ന്നിരുന്നു.
400 വര്‍ഷത്തോളമായി തുടരുന്ന ഈ ആചാരത്തിന്റെ ഭാഗമായാണ് എണ്ണിയാലൊടുങ്ങാത്ത തിമിംഗലങ്ങളെയും ഡോള്‍ഫിനുകളെയുമാണ് ദ്വീപില്‍ എല്ലാ വര്‍ഷവും വേട്ടയാടുന്നത്.
ഫെറോ ദ്വീപ് തീരത്തോട് ചേര്‍ന്ന് ചത്തു കിടക്കുന്ന ഡോള്‍ഫിനുകളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇത്രയും ക്രൂരമായ വേട്ടയാടല്‍ അനുവദിക്കരുതെന്നും ഡോള്‍ഫിന്‍ വേട്ടയ്ക്കെതിരേ നടപടി വേണമെന്നുമാണ് കടല്‍ജീവി സംരക്ഷണ ഗ്രൂപ്പുകളും ആവശ്യപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിലാണ് ക്രൂരവേട്ട പരിമിതപ്പെടുത്താൻ ഫെറോയിലെ ഫിഷറീസ് മന്ത്രാലയം തീരുമാനിച്ചത്.
2022ലും 2023ലും ഡോൾഫിൻ വേട്ട നിയന്ത്രിക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ഫെറോയിലെ ഡോള്‍ഫിന്‍ വേട്ട
ഡെന്മാര്ക്കിന് കീഴിലുള്ള സ്വയം ഭരണ ദ്വീപാണ് ഫെറോ. നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന വിനോദവേട്ടയായതിനാല് ഈ ക്രൂരകൃത്യം ഫെറോ ദ്വീപില്‍ നിയമാനുസൃതവും അംഗീകൃതവുമാണ്.
പ്രത്യേക പരിശീലനവും ലൈസന്‍സുള്ള ആളുകള്‍ക്ക് മാത്രമേ ഡോള്‍ഫിനുകളെ കൊല്ലാന്‍ അനുവാദമുള്ളൂ.
പൈലറ്റ് വേള്‍സ് എന്നറിയപ്പെടുന്ന ചെറു തിമിംഗലങ്ങളെയാണ് ഇവര്‍ കൂടുതലും വേട്ടയാടി കൊല്ലാറുള്ളത്.
തീരത്തോട് ചേര്‍ന്ന് ഡോള്‍ഫിനുകളുടെയും തിമിംഗലങ്ങളുടെയും ചാകര കാണുമ്പോഴാണ് ദ്വീപ് ജനത ഈ വിനോദം ആരംഭിക്കുന്നത്.
വലിയ ആഘോഷമായാണ് ദ്വീപ് ജനത ഇവയെ കൊന്നൊടുക്കുന്നത്. തിമിംഗലങ്ങളെയും ഡോള്‍ഫിനേയും വേട്ടയാടി തീരത്തെത്തിച്ച് കഴുത്തറുക്കുന്നത് കാണാന്‍ നിരവധി ആളുകളും ദ്വീപില്‍ തടിച്ചുകൂടാറുണ്ട്.