മനുഷ്യരെ കാണുമ്പോള്‍ വിവിധ അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നവരും മനുഷ്യര്‍ക്കൊപ്പം പന്ത് കളിക്കാനൊക്കെ കൂടുന്ന ഡോള്‍ഫിനുകളെ കാണാറുണ്ടല്ലേ.
അവയെ കാണുന്നതും അവയുടെ അഭ്യാസങ്ങള്‍ കാണുന്നതും മനുഷ്യര്‍ക്കും കൗതുകകരമാണ്.
എന്നാല്‍, കോണ്‍വാള്‍ ഹാര്‍ബറിലെ ഡോള്‍ഫിൻ ആളിത്തിരി പിശകാണെന്നാണ് പുറത്തു വരുന്ന വിവരം. ഇത്തിരി പ്രണയജ്വരം കൂടുതലാണെന്നതാണ് പുള്ളിയുടെ പ്രശ്നം.
അതിലെന്താ കുഴപ്പം പുള്ളി പ്രണയിച്ചോട്ടെ എന്നു കരുതാൻ വരട്ടെ, മനുഷ്യരെ കാണുന്പോഴാണ് ഡോൾഫിന്റെ പ്രണയജ്വരം കൂടുന്നതെന്നാണ് പ്രശ്നം .
അടുത്തെത്തുന്ന മനുഷ്യരെ കാമുകിയായി കണ്ടാലുള്ള കുഴപ്പം പറയേണ്ടതില്ലല്ലോ.
ജാഗ്രതാ നിർദേശം
പ്രദേശവാസികള്‍ നിക്ക് എന്നാണ് ഡോള്‍ഫിനു പേരിട്ടിരിക്കുന്നത്. വെള്ളത്തിലിറങ്ങുന്ന ആളുകള്‍ക്കൊപ്പം പെട്ടെന്നു നിക്ക് കൂട്ടാകും.
അതു ചിലപ്പോള്‍ ആളുകള്‍ക്ക് ഉപദ്രവമായി മാറുന്ന പല സംഭവങ്ങളുമുണ്ടായി. അതുകൊണ്ട് നിക്കുമായി കൂട്ടുകൂടുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്കു മുന്നറിയിപ്പ് നല്‍കാറുണ്ട്.
ചിലരൊക്കെ നിക്കിന്റെ പ്രണയ ചേഷ്ടകള്‍ക്ക് ഇരയായിട്ടുണ്ട്. പരാതികൾ വന്നതോടെയാണ് ഡോൾഫിന്റെ വീഡിയോ അടക്കം ചിത്രീകരിച്ചു വിദഗ്ധർ വിശകലനം നടത്തിയത്.
അടുത്തെത്തുന്ന മനുഷ്യരെ കാമുകിയെപ്പോലെയാണ് ഡോൾഫിൻ കൈകാര്യം ചെയ്യുന്നതെന്നു വിദഗ്ധർ തിരിച്ചറിഞ്ഞു. ഇതോടെയാണ് സന്ദർശകർക്കു മുന്നറിയിപ്പ് നൽകിയത്.
ഡോള്ഫിനും ആശയക്കുഴപ്പം
ചുറ്റും ആളുകള്‍ എത്തുമ്പോള്‍ ഡോള്‍ഫിനുകള്‍ ആശയക്കുഴപ്പത്തിലാകും. ഡോള്‍ഫിനുകള്‍ വളരെ ശക്തരാണ്, അതുകൊണ്ടുതന്നെ അവരുമായി ഇടപെടുന്നതു സൂക്ഷിച്ചു വേണം.
ഇല്ലെങ്കില്‍ അപകടം ഉണ്ടാകാം. കഴിഞ്ഞ വേനല്‍ക്കാലത്താണ് നിക്കിനെ ആദ്യമായി കോണ്‍വാളില്‍ കണ്ടെത്തിയത്. ‘
‘ഒറ്റപ്പെട്ട ഡോള്‍ഫിനുകള്‍ മനുഷ്യരുമായി ബന്ധം സൃഷ്ടിക്കാന്‍ ശ്രമിക്കാറുണ്ടെന്നു വേള്‍ഡ് അനിമല്‍ പ്രൊട്ടക്ഷന്‍ ചാരിറ്റി പ്രവര്‍ത്തക കാതറിന് വൈസ് പറഞ്ഞു.
മനുഷ്യരുടെ സാന്നിധ്യം കൂടുതലായി ശീലമാക്കിയാല്‍ ഡോള്‍ഫിനുകളുടെ സ്വഭാവം കൂടുതല്‍ വഷളാകാനും സാധ്യതയുണ്ട്.
അതുകൊണ്ട് കോണ്വാളിലെത്തുന്ന സന്ദര്‍ശകരോടു വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ ഡോള്‍ഫിനുകളുമായി സുരക്ഷിതമായ അകലം പാലിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.