കൊയിലാണ്ടി: ആര്‍ത്തിരമ്പുന്ന തിരമാലകളെ ഭേദിച്ച് ഡോള്‍ഫിന്‍ പോലെ നീന്തുമ്പോഴും രതീഷിന്റെ ലക്ഷ്യം ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടക്കുകയെന്നതാണ്. നൂറുകണക്കിനാളുകള്‍ സാക്ഷിയായി കൈകാലുകള്‍ ബന്ധിച്ച നിലയില്‍ കടലിന്റെ ആഴങ്ങളിലേക്ക് താഴുമ്പോഴും മനസിലെ സ്വപ്നങ്ങളാണ് രതീഷിനെ കരയിലേക്ക് അടുപ്പിക്കുന്നത്.
കാപ്പാട് ഫെസ്റ്റിനോടനുബന്ധിച്ചാണ് രതീഷ് കോഴിക്കോട്ടെത്തിയത്. ചരിത്രമുറങ്ങുന്ന കാപ്പാടിന്റെ തീരത്ത് രതീഷിന്റെ പ്രകടനം കാണാന്‍ നൂറുകണക്കിനാളുകളാണ് കാത്തു നിന്നത്. ഡോൾഫിന്റെ നീന്തൽ മാതൃകയിൽ നീന്തുന്നതിന് സ്വതന്ത്രമായ കൈകാലുകൾ തടസമാണെന്ന് മനസിലാക്കിയാണ് കൈകാലുകൾ കെട്ടി ഡോൾഫിനെ പോലെ നീന്താൻ തുടങ്ങിയതെന്ന് രതീഷ് പറഞ്ഞു.
ഇതേ തുടർന്നാണ് രതീഷിനെ ഡോൾഫിൻ എന്ന പേര് ചേർത്ത് വിളിച്ച് തുടങ്ങിയത്. സ്വയം പരിശീലിച്ചാണ് രതീഷ് സാഹസിക നീന്തലിൽ കരുത്ത് തെളിയിച്ച് മുന്നേറുന്നത്. കഴിഞ്ഞ മാസം 12ന് കന്യാകുമാരി വിവേകാന്ദപ്പാറയിലേക്ക് നടത്തിയ സാഹസിക നീന്തലാണ് ഒടുവിലത്തേത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ് ഈ 38 കാരൻ.
2002-ലാണ് കൈയും കാലും കെട്ടിയുള്ള നീന്തലിൽ ആദ്യ പൊതു പരിപാടി നടത്തിയത്. കൊല്ലത്ത് 50- അടി ഉയരമുള്ള നീണ്ടകര പാലത്തിൽ നിന്നും അഷ്ടമുടി അഴിമുഖത്ത് ചാടി 500- മീറ്റർ ദൂരം കൈയും കാലും കെട്ടി നീന്തി ശ്രദ്ധ ആകർഷിച്ചു. പിന്നീട് കേരളത്തിൽ പലേടങ്ങളിൽ നദികളിലും കായലുകളിലും കടലിലും തന്റെ സാഹസിക പ്രകടനം വിജയകരമായി നടത്തി.
ഓരോ പ്രകടനവും സാമൂഹ്യ പ്രതിബദ്ധത യുള്ള ഓരോ വിഷയങ്ങളുടെ പ്രചാരണത്തിന് വേണ്ടിയായിരുന്നു. വ്യത്യസ്ത തരം സാഹസിക പ്രകടനങ്ങൾ കാഴ്ചവച്ച് രതീഷ് കേരളത്തിൽ എല്ലായിടത്തും അറിയപ്പെടുന്നതാരമായി. 2003 ല്‍ ശരീരം മുഴുവൻ പ്ലാസ്റ്റിക് ചാക്ക് കൊണ്ട് മൂടി കെട്ടിവരിഞ്ഞ് അഷ്ടമുടി കായലിൽ ഒരു കിലോമീറ്റര്‍ നീന്തി.
അകാലത്തിൽ പൊലിഞ്ഞു പോയ സാഹസിക നീന്തൽ താരം ശ്യാം. എസ്. പ്രബോധിയോടുള്ള ആദര സൂചകമായി 2004 ല്‍ തെക്കുംഭാഗം പള്ളിക്കോടി മുതല്‍ നീണ്ടകര പാലം വരെ കൈയും കാലും ബന്ധിച്ച് ഒരു കിലോമീറ്റർ നീന്തിയിരുന്നു.
2004ലെ സുനാമി ദുരന്തത്തിൽ മരിച്ചവരോടുള്ള ശ്രദ്ധാഞ്ജലിയായി 2005-ല്‍ അഴീക്കൽ സുനാമി സ്മൃതി മണ്ഡപത്തില്‍ നിന്നും അഴീക്കൽ ബീച്ച് വരെ കടലിൽ കൈയും കാലും ബന്ധിച്ച് നീന്തി ജനശ്രദ്ധയാകര്‍ഷിച്ചു.
2006 ഏപ്രില്‍ 30 ന് ശാസ്താംകോട്ട ശുദ്ധജല തടാകത്തില്‍നിന്നും അമ്പലക്കടവ് വരെ 2 കിലോമീറ്റര്‍ കൈയും കാലും ബന്ധിച്ച് നീന്തി. 2007ല്‍ കൈകാലുകള്‍ കെട്ടി എറണാകുളം പള്ളുരുത്തി റെയില്‍വേ ബ്രിഡ്ജിൽ നിന്നും ചാടി കിലോമീറ്ററു കൾ നീന്തുകയും ചെയ്തു.
2008ല്‍ ദുരന്ത നിവാരണ അഥോറിറ്റിയുടെ ആഭിമുഖ്യത്തിൽ സുനാമി ബാധിത മേഖലയിൽ നിന്നും 50- കുട്ടികളെ തെരഞ്ഞെടുത്ത് അവരെ നീന്തൽ പഠിപ്പിക്കുന്നതിനായി ക്യാമ്പ് സംഘടിപ്പിച്ചു.
അതേ വര്‍ഷം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ സമാപന ചടങ്ങില്‍ ഇന്ത്യൻ പതാകയേന്തി കൈകാലുകൾ ബന്ധിച്ച് കടലിൽ നീന്തി പ്രശംസ പിടിച്ചുപറ്റി. ഇത് 2009ലെ ലിംക ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടുകയും ചെയ്തു.
2009 ല്‍ കൈകാലുകള്‍ ബന്ധിച്ച് തങ്കശ്ശേരി കടലിടുക്കില്‍ നിന്നും കൊല്ലം ബീച്ച് വരെ നീന്തി 2010 ലെ ലിംക ബുക്ക് ഓഫ് റിക്കാർഡ്സിൽ രണ്ടാം തവണയും സ്ഥാനം നേടിയിരുന്നു. 2009 മേയ് ഒന്നിന് തൊഴിലാളി ദിനത്തിന്റെ മാഹാത്മ്യം വിളംബരം ചെയ്തു കൊണ്ട് കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ദൂരം നീന്തി വാര്‍ത്തകളില്‍ ഇടം പിടിച്ചു.
2012 സെപ്റ്റംബര്‍ 21 ലോക സമാധാന ദിനത്തില്‍ സമാധാനത്തിന്റെ സന്ദേശം വിളംബരം ചെയ്തു കൊണ്ട് കൊല്ലം ബീച്ചിൽ തീരത്ത് നിന്നും അകലെ കൈയും കാലും കെട്ടി 45 മിനിറ്റുകൾ കൊണ്ട് 3.5 കിലോമീറ്റർ നീന്തി റിക്കാർഡ് സ്ഥാപിച്ച് മൂന്നാം വട്ടവും ലിംക ബുക്ക് ഓഫ് റിക്കാർഡ്സിൽ സ്ഥാനം നേടി. മൂന്നുവട്ടം ലിംക ബുക്ക് ഓഫ് റിക്കാർഡ്സിൽ സ്ഥാനം നേടിയ ഏക കേരളീയനാണ് ഡോൾഫിൻ രതീഷ്.