ആലുവ: ആലുവയിലെ തന്റെ കുടുംബവേരുകൾ തേടിയെത്തിയ ഗോവ സ്വദേശിനിയായ വയോധികയ്ക്ക് ഒറ്റദിവസംകൊണ്ടു സ്വന്തമായത് അനവധി ബന്ധുജനങ്ങൾ. ഗോവയിൽനിന്ന് ഇന്നലെ രാവിലെയെത്തിയ ഡൊമിനിക്ക എന്ന 87 കാരിയാണു സ്വന്തം സഹോദരിയെയും അടുത്ത തലമുറയിലെ അംഗങ്ങളെയും എട്ടു പതിറ്റാണ്ടുകൾക്കുശേഷം കണ്ടെത്തിയത്.
ആലുവ റെയിൽവേ വികസനത്തിന്റെ ഭാഗമായി തറവാട് നഷ്ടപ്പെട്ടതോടെ ജില്ലയിലെ പല ഭാഗങ്ങളിലേക്കു മാറിതാമസിക്കേണ്ടി വന്ന കോട്ടയ്ക്കൽ കുടുംബത്തിലെ അംഗമാണു ഡൊമിനിക്ക. പുരോഹിതനായ ഇളയപ്പനൊപ്പം ഏഴാം വയസിൽ ആലുവയിൽനിന്നു ഗോവയിലേക്കു പോയതാണു ഡൊമിനിക്ക. ഭർത്താവ് നഷ്ടപ്പെട്ട ഡൊനിക്കയ്ക്കു മക്കളില്ല.
ആലുവ ജില്ലാ ആശുപത്രിയുടെ മുന്നിൽ റെയിൽവേ ട്രാക്കിനോടു ചേർന്നു വീടുണ്ടായിരുന്ന കാര്യം മാത്രമേ ഇവരുടെ മനസിലുണ്ടായിരുന്നുള്ളൂ.
അഗസ്റ്റിൻ-എലിസബത്ത് ദമ്പതികളുടെ മൂന്നാമത്തെ മകളാണു താനെന്നും സഹോദരങ്ങളായി ഫിലോമിന, സെലിൻ, പേരറിയാത്ത രണ്ട് അനുജന്മാർ എന്നിവരുണ്ടെന്നും ഡൊമിനിക്കയുടെ ഓർമയിലുണ്ട്. ആലുവയിൽ മാമ്മോദീസ മുങ്ങിയ രേഖകളുമായി ഭർതൃകുടുംബാംഗങ്ങൾക്കൊപ്പം ആലുവ സെന്റ് ഡൊമിനിക് പള്ളിയിലാണ് ഇവർ ആദ്യമെത്തിയത്. സഹവികാരിയായ ഫാ. ജിനു ചെത്തിമറ്റം പള്ളിരേഖകൾ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ഇടവകക്കാർ അന്വേഷണം ഏറ്റെടുത്തു.
കോട്ടയ്ക്കൽ എന്ന വീട്ടുപേരുകൾ ഉള്ളവരുമായി ഇടവകാംഗമായ ജയിംസ് പയ്യപ്പിള്ളി ഫോണിലും നേരിട്ടും ബന്ധപ്പെട്ടു. കൈക്കാരൻ നൈസ് പഞ്ഞിക്കാരൻ, ജോർജ് കോട്ടുക്കാരൻ, ഡൊമിനിക്ക് കാവുങ്കൽ എന്നിവരും ദീപിക ആലുവ സബ് ഓഫീസ് ജീവനക്കാരും തെരച്ചിലിൽ പങ്കാളികളായി. ഉച്ചയോടെ ആലുവ റെയിൽവേ സ്റ്റേഷനു മുന്നിലുള്ള ടെക്സ്റ്റൈൽ ഷോപ്പിലെ പൗലോസ് അകന്ന ബന്ധുവാണെന്ന സൂചന ലഭിച്ചു.
അതോടെ കാര്യങ്ങൾ വേഗത്തിലായി. എൺപതുകാരനായ പൗലോസ് നൽകിയ വിവരങ്ങളനുസരിച്ചു ഡൊമിനിക്കയുടെ സഹോദരൻ ജോസഫിന്റെ മകൻ ബെന്നിയിലേക്ക് അന്വേഷണം നീണ്ടു. ആലുവ പോലീസ് സ്റ്റേഷനു മുന്നിൽ റേഡിയേറ്റർ സ്ഥാപനം നടത്തുകയാണു ബെന്നി. ഡൊമിനിക്കയുടെ സഹോദരരിൽ ജീവിച്ചിരിക്കുന്ന സെലിനെക്കുറിച്ചുള്ള വിവരം ഇദ്ദേഹം നൽകി. കലൂർ നിവാസിയായ സെലിൻ കുറച്ചുദിവസമായി ആലങ്ങാട് നീറിക്കോട് മകന്റെ വീട്ടിൽ തങ്ങുകയാണെന്ന വിവരവും ലഭിച്ചു.
ഇതിനിടയിൽ ഡൊമിനിക്കയുടെ മറ്റൊരു സഹോദരന്റെ മകളായ ബ്യൂട്ടീഷൻ സ്ഥാപനം നടത്തുന്ന മിനിയെ നഗരത്തിൽനിന്നു കണ്ടെത്തി. എല്ലാവരും ചേർന്നു സന്ധ്യയോടെ ആലങ്ങാടുള്ള സെലിന്റെ അടുത്തെത്തി കുടുംബാംഗങ്ങളെ കണ്ടു.
വർഷങ്ങൾക്കുശേഷം ബന്ധുക്കളെ കണ്ടുമുട്ടിയതിന്റെ നന്ദി സൂചകമായി ഡൊമിനക്കയുടെ കുടുംബാംഗങ്ങൾ നാളെ ഇടവകപള്ളിയിൽ ഒത്തുചേരും. ഗോവ സ്വദേശികളായ ഭർതൃസഹോദരി എലിസബത്ത്, എലിസബത്തിന്റെ സഹോദരൻ ജേക്കബ് ഡിസൂസ, ഭാര്യ വിർജീനിയ ഡിസൂസ എന്നിവരോടൊപ്പമാണു ഡൊമിനിക്ക ആലുവയിലെത്തിയത്.